kacha

കൊല്ലം: തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയെ സംബന്ധിച്ച് ജില്ലാ കളക്ടറുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ. കണക്കുകൾ രേഖപ്പെടുത്തുന്നതിനുള്ള നിശ്ചിത ഫാറം അതാത് വരണാധികാരിയിൽ നിന്ന് ലഭിക്കും.
സ്ഥാനാർത്ഥിയുടെ നിക്ഷേപത്തുകയും ചെലവിനമായി തന്നെ കണക്കാക്കണം. തപാൽ, റെയിൽവേ യാത്ര മുതലായ ചെലവുകൾ ഒഴികെ മറ്റെല്ലാ ചെലവുകൾക്കും ക്രമമായി നമ്പരിട്ട വൗച്ചറുകൾ വേണം. ഓരോ വൗച്ചറിലും സ്ഥാനാർത്ഥിയോ അദ്ദേഹത്തിന്റെ ഏജന്റോ ഒപ്പ് വയ്ക്കണം. കൂടാതെ സമർപ്പിക്കുന്ന കണക്കുകൾ സ്ഥാനാർത്ഥിയുടെ ഏജന്റ് സൂക്ഷിച്ചിട്ടുള്ള കണക്കുകളുടെ ശരി പകർപ്പാണെന്ന് സ്ഥാനാർത്ഥി തന്നെ സാക്ഷ്യപ്പെടുത്തണം. കണക്കുകൾ സമർപ്പിച്ചതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് സ്ഥാനാർഥി രസീത് വാങ്ങി സൂക്ഷിക്കണം.

നിയമവിരുദ്ധമായ ചെലവുകൾ സംബന്ധിച്ച പരാതികൾ കമ്മിഷനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ചെലവ് നിരീക്ഷകന് കൈമാറുകയും അന്വേഷിക്കുകയും ചെയ്യും. വീഴ്ച്ചവരുത്തിയാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുന്ന തീയതി മുതൽ അഞ്ചുവർഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അംഗമായിരിക്കുന്നതിനും അയോഗ്യത കൽപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.