കൊല്ലം: മയ്യനാട് വെസ്റ്റ് പതിനാറാം വാർഡിൽ മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിന്റെ ഇലക്ഷൻ പ്രചാരണത്തിനായി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെ.എസ്. ശബരീനാഥൻ എം.എൽ.എ കൊല്ലത്തെത്തി. മുൻ മുഖ്യമന്ത്രി സി. കേശവന്റെ ജീവിതസമരം എന്ന പുസ്തകം കൈമാറിയാണ് മയ്യനാട്ട് ആദ്യമായെത്തുന്ന ശബരീനാഥനെ യൂത്ത് കോൺഗ്രസ് നേതാക്കൾ വരവേറ്റത്. നിരവധി വീടുകൾ കയറിയിറങ്ങി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സി. രാധാകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പ്രചാരണം ആരംഭിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്, ശങ്കരനാരായണപിള്ള, ഡി.വി. ഷിബു, പിണയ്ക്കൽ ഫൈസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എം. ലീന, ബി. ഹേമചന്ദൻ, ഷമീർ വലിയവിള, വിപിൻ ജോസ്, ബോബൻ മയ്യനാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.