sandhya

കൊല്ലം: കൊവിഡ് കുരുക്കിൽ സംഗീതത്തിന്റെ താളം തെറ്റി ജീവിതം വഴിമുട്ടിയപ്പോൾ പിടിച്ചുനിൽക്കാൻ നാല്പതുകാരിക്ക് അത്താണിയായത് തിരഞ്ഞെടുപ്പ് പ്രചാരണ ചുവരുകൾ!. കൊല്ലം കുണ്ടറ കൊടുവിള പ്ലാവിള ചരുവിൽ സന്ധ്യ പല്ലവിയാണ് പൊള്ളുന്ന ചൂടിൽ ചുവരെഴുതി ജീവിതതാളം തിരിച്ചുപിടിച്ചത്.2004 മുതൽ കുണ്ടറയിൽ മ്യൂസിക് സ്‌കൂൾ നടത്തുകയായിരുന്നു സന്ധ്യ പല്ലവിയും സംഘവും. 65 കുട്ടികളാണ് ശാസ്ത്രീയസംഗീതവും വാദ്യോപകരണങ്ങളും ഉൾപ്പെടെ പഠിച്ചിരുന്നത്. കൊവിഡ് ക്ലാസുകൾക്ക് താഴിട്ടു. ക്ഷേത്രോത്സവങ്ങൾ ഉപേക്ഷിച്ചതോടെ സ്‌കൂളിനൊപ്പം പ്രവർത്തിച്ചിരുന്ന ഗാനമേള ട്രൂപ്പിനും ഷട്ടറിട്ടു. ട്രൂപ്പിലെ 20 പേർക്ക് തൊഴിലും നഷ്ടപ്പെട്ടു.മ്യൂസിക് സ്‌കൂളിന്റെ വാടകയും വൈദ്യുതി ചാർജും അടയ്ക്കാൻ പോലും സുഹൃത്തുക്കൾക്ക് മുന്നിൽ കൈനീട്ടേണ്ടിവന്നു. ഒടുവിൽ മറ്റ് മാർഗവുമില്ലാതായപ്പോഴാണ് ശില്പകല കൂടി വശമുള്ള സന്ധ്യ പല്ലവി തിരഞ്ഞെടുപ്പ് കാലത്ത് ചുവരെഴുതാൻ ഇറങ്ങിയത്. ബ്ലോഗെഴുത്തുകാരനും തിരക്കഥാകൃത്തുമായ ഭർത്താവ് നിരഞ്ജൻ സതീഷും ഒപ്പം കൂടി. തിരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറിയതോടെ രാവിലെ പെയിന്റും ബ്രഷുമായി വീട്ടിൽ നിന്നിറങ്ങും. ചുട്ടുപൊള്ളുന്ന വെയിലിൽ തലയിലൊരു തുണിയും കെട്ടി ചുവരിൽ വെള്ളപൂശി ലൈൻ വരച്ച് അക്ഷരങ്ങൾക്ക് നിറം പകർന്ന് തീരുമ്പോൾ നേരം വൈകിത്തുടങ്ങും. ഒരു വഴി അടഞ്ഞപ്പോൾ മുന്നിലെത്തിയ വഴി ജീവിത മാർഗമാക്കുകയാണ് സന്ധ്യയും ഭർത്താവും. മകൻ ആദിത്യ അമ്പാടി.