c

കൊല്ലം: ദിനംപ്രതി ആയിരക്കണക്കിന് പേർ കടന്നുപോകുന്ന കാവനാട് - മേവറം ബൈപ്പാസിൽ പബ്ളിക് കംഫർട്ട് സ്റ്റേഷനില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. യാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങൾ നി‌ർവഹിക്കാൻ തോന്നുന്നവർക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. തിരുവനന്തപുരം മെഡി. കോളേജ്,​ ആർ.സി.സി എന്നിവിടങ്ങളിൽ പോയിവരുന്ന സ്ത്രീകളും രോഗികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ശക്തികുളങ്ങര മുതൽ മേവറം വരെ നീളുന്ന 13 കിലോമീറ്ററോളം ദൈർഘ്യമുള്ള ബൈപ്പാസിന്റെ ഭൂരിഭാഗവും കൊല്ലം നഗരസഭാ പരിധിയിലൂടെയാണ് കടന്നുപോകുന്നത്. ബൈപ്പാസിന്റെ വശങ്ങളിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ ആവശ്യമായ സ്ഥല സൗകര്യവുമുണ്ട്.

ഹോട്ടലിലെ ടോയ്ലറ്റുകൾ

ലോക്ക് ഡൗണിന് മുമ്പ് ബൈപ്പാസിന്റെ വശങ്ങളിലെ ഹോട്ടലുകളിലെ ടോയ്ലറ്റുകളെ യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി ആശ്രയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപകമായി ഹോട്ടലുകൾ പലതും അടച്ചിട്ടടോടെ ആ സൗകര്യവും ഇല്ലാതായി. അൺലോക്കോടെ ചില ഹോട്ടലുകൾ തുറന്നെങ്കിലും കൊവിഡ് ഭയന്ന് ടോയ്ലറ്റുകളും മറ്റും അടച്ചിട്ടിരിക്കുന്ന സാഹചര്യവുമുണ്ട്.

വേണം ഇ ടോയ്ലറ്റ്

കംഫർട്ട് സ്റ്റേഷന്റെ അഭാവത്തിൽ രാത്രിയിൽ ആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ ആളുകൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത് ബൈപ്പാസും പരിസരവും മലിനമാകാനും സാംക്രമിക രോഗങ്ങൾ പകരാനും കാരണമാകും. നഗരസഭയിൽ നിന്ന് കംഫർട്ട് സ്റ്റേഷന് സ്ഥലം കണ്ടെത്താനും കെട്ടിടം നി‌ർമ്മിക്കാനും ധാരാളം സമയമെടുക്കുമെന്നിരിക്കേ ഇ- ടോയ്ലറ്റ് പോലുളള പരിസ്ഥിതി സൗഹൃദ ടോയ്ലറ്റുകൾ നിർമ്മിച്ച് യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാവനാട് - മേവറം ബൈപ്പാസിൽ യാത്രക്കാ‌ർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കംഫർട്ട് സ്റ്റേഷൻ അത്യാവശ്യമാണ്. നഗരസഭയും സർക്കാരും അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണം.

വി.എസ്. ഷാജി, പ്രസിഡന്റ്, സ്നേഹപൂർവം കുരീപ്പുഴയിൽ നിന്ന് (ചാരിറ്റി ഗ്രൂപ്പ്)