photo
തീരം തകർന്ന് അടിയുന്ന കൊതിമുക്ക് വട്ടക്കായൽ

കരുനാഗപ്പള്ളി: തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റങ്ങളിൽ തക‌ർന്നടിയുകയാണ് കൊതിമുക്ക് വട്ടക്കായലിന്റെ തീരം. തീരങ്ങളിൽ താമസിക്കുന്നവരുടെ ഏക്കർ കണക്കിന് ഭൂമിയാണ് നഷടപ്പെടുന്നത്. കരുനാഗപ്പള്ളി നഗരസഭയുടെയും പന്മന ഗ്രാമപഞ്ചായത്തിന്റെയും പരിധിയിൽ 400 ഏക്കർ വിസ്തൃതിയിലാണ് വട്ടക്കായൽ വ്യാപിച്ച് കിടക്കുന്നത്.ഒരു പതിറ്റാണ്ടിന് മുമ്പ് വരമ്പേൽ കടവിന് കിഴക്ക് വശം വരെ മൈനർ ഇറിഗേഷൻ മുൻ കൈ എടുത്ത് തീര സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നു. ഇവിടെ നിന്നും പടിഞ്ഞാറോട്ട് പത്മനാഭന്റെ ജെട്ടി വരെയാണ് ഇനി കരിങ്കൽ ഭിത്തി നിർമ്മിക്കാനുള്ളത്.

കരിങ്കൽ ഭിത്തി വേണം

തീര സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. സുനാമി ദുരന്തത്തെ തുടർന്ന് പുനരധിവസിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങൾ കായലിന്റെ തീരങ്ങളിലാണ് താമസിക്കുന്നത്. ഇവർക്ക് സർക്കാർ 4 സെന്റ് ഭൂമിയിൽ നിർമ്മിച്ച് നൽകിയ വീടുകളിലാണ് താമസം. ഇവിടങ്ങളിൽ കരിങ്കൽ ഭിത്തി ഇല്ലാത്തതിനാൽ വേലിയേറ്റ -വേലിയിറക്ക സമയങ്ങളിൽ തിരകൾ തീരം കവർന്നെടുക്കുന്നു. ഇനി രണ്ട് കിലോമീറ്റർ ദൈഘ്യത്തിൽ കരിങ്കൽ ഭിത്തി നിർമ്മിച്ചാൽ കായൽ തീരം പൂർണമായും സംരക്ഷിക്കാൻ കഴിയും. നിലവിൽ കായൽ പൂർണമായും കുളവാള നിറഞ്ഞ് കിടക്കുന്നതിനാൽ കായൽ തീരം പൂർണമായും മറയപ്പെട്ടിരിക്കുന്നു.


വിശാലമായ കൊതിമുക്ക് വട്ടക്കായലിന്റെ തീരം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വർഷങ്ങളായി തീരം തകർന്ന് അടിയുന്നു. സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ തീരം പൂർണമായും സംരക്ഷിക്കാൻ കഴിയും. മൈനർ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം.

പി.ഗോപി, പൊതു പ്രവർത്തകൻ: