combodia

കൊറോണയെ പറപ്പിക്കാൻ ചില വിചിത്ര ആചാരങ്ങളുമായി എത്തുകയാണ് കംബോഡിയ. കംബോഡിയയിലെ ഡെക്കോ ഗ്രാമവാസിയായ എക്ക് ചാൻ എന്നയാൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചിട്ടില്ല. വൈറസിനെ നേരിടാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന മാസ്‌കും സാമൂഹിക അകലവും പാലിച്ചതുകൊണ്ടല്ല രോഗത്തെ പ്രതിരോധിക്കുന്നത്, അതിന് മറ്റൊരു വഴിയാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്നാണ് എക്ക് ചാൻ പറയുന്നത്. കൊറോണ എക്ക് ചാന്റെ വീടിന്റെ പടി കടക്കില്ലത്രേ! പ്രാദേശിക ഭാഷയിൽ 'ടിംഗ് മോംഗ്" എന്നറിയപ്പെടുന്ന മാന്ത്രിക ശക്തിയുള്ള രണ്ടു നോക്കുകുത്തികളാണത്രെ ഇതിന് കാരണം. വീടിന്റെ ഗേറ്റിന് സമീപത്തായി വൈറസിനെ പേടിപ്പിക്കാൻ രണ്ട് നോക്കുകുത്തികളെ സ്ഥാപിച്ചിരിക്കുകയാണ് എക്ക് ചാൻ. എക്ക് ചാൻ മാത്രമല്ല ഇപ്പോ ഗ്രാമം മുഴുവൻ നോക്കുകുത്തികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദുരാത്മാക്കളെയും രോഗങ്ങളെയും തടയാൻ നോക്കുകുത്തികളെ ഉപയോഗിക്കുന്ന കംബോഡിയയിലെ ആചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു നോക്കുകുത്തി ആണും മറ്റൊന്ന് പെണ്ണുമാണ്. വൈറസ് തന്നെയും കുടുംബത്തെയും ഇനി പിടികൂടില്ലെന്ന് വിശ്വസിക്കുന്നതായും എക്ക് ചാൻ പറയുന്നു. വൈക്കോൽ, മുള, മരത്തടി എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന നോക്കുകുത്തികളെ പഴയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ഗേറ്റിന് മുന്നിൽ വയ്ക്കുന്നത്.