photo
വെണ്ടാർ അരീയ്ക്കൽ ഭാഗത്തെ ഇലവ് മരത്തിന്റെ ചുവട് ദ്രവിച്ച നിലയിൽ

കൊട്ടാരക്കര: വെണ്ടാർ അരീയ്ക്കൽ ജംഗ്ഷനിൽ കൂറ്റൻ ഇലവ് മരം അപകടാവസ്ഥയിൽ. മരത്തിന്റെ ചുവടുഭാഗം ദ്രവിച്ച് ഇളകിപ്പോകുന്ന നിലയിലാണ്. പടർന്ന് പന്തലിച്ച് നിൽക്കുന്നതിനാൽ മരം നിലംപൊത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. കനാലിന്റെ അരികിലായാണ് മരം സ്ഥിതി ചെയ്യുന്നത്.

അന്നത്തെ കൊടിമരം

പതിറ്റാണ്ടുകൾക്ക് മുൻപ് രാഷ്ട്രീയ പാർട്ടി കൊടിമരമായി കുഴിച്ചിട്ടതാണ് ഇലവിന്റെ കമ്പ്. സമീപത്തെ രണ്ട് മരങ്ങൾ കൂടിയുണ്ട്. ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിക്കാർ മരം മുറിച്ചുനീക്കുന്നതിന് തടസമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ നിൽക്കുന്ന മരമായതിനാൽ മറ്റ് നിയമക്കുരുക്ക് ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. നല്ലൊരു കാറ്റടിച്ചാൽ മരം മറിയുമെന്ന നിലയിൽ തീർത്തും അപകടാവസ്ഥയിൽ തുടരുമ്പോഴും അധികൃതർ ഇടപെട്ടിട്ടില്ല. സമീപത്തുതന്നെ വീടുമുണ്ട്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല വാർഡിൽപ്പെടുന്നതാണ് ഈ ഭാഗം. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നവരോടും മരത്തിന്റെ അപകടാവസ്ഥ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.