c

കൊല്ലം: കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ. അഷ്ടമുടിക്കായൽ, കൊല്ലം തോട്, കശുഅണ്ടി, തുറമുഖം, മാലിന്യപ്രശ്നം തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളാണ്. നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ നഗരജനത എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് മുന്നണി നേതൃത്വങ്ങൾ. കോർപ്പറേഷനായി മാറിയത് മുതൽ ഇടതുമുന്നണി തുടർച്ചയായി അധികാരം നിലനിറുത്തിയ കൊല്ലത്ത് ഇത്തവണ ബി.ജെ.പിയും യു.ഡി.എഫും ശക്തമായ മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റിബൽ ഭീഷണികളൊഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു മൂന്ന് മുന്നണികളും. കൊല്ലം കോർപ്പറേഷനിലെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ നിന്ന് ബഹുദൂരം മുന്നിലേക്ക് പോകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മിക്കപ്പോഴും കൊല്ലത്ത് ക്യാമ്പ് ചെയ്‌താണ് നഗരഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നത്. എല്ലാ പ്രതിരോധ തന്ത്രങ്ങളെയും അതിജീവിച്ച് ഭരണം നിലനിറുത്താൻ ജനങ്ങളിലേക്കിറങ്ങുകയാണ് നഗരത്തിലെ എൽ.ഡി.എഫ് പ്രവർത്തകരും നേതാക്കളും.

 വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ

എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി നേതാക്കൾ നഗരത്തിലെ വിവിധ ഡിവിഷനുകളിൽ സ്ഥാനാർത്ഥികളാണ്. യുവജന സംഘടനകൾ, വനിതാ സംഘടനകൾ എന്നിവരുടെ നേതാക്കളും മത്സര രംഗത്തുണ്ട്. ഇതോടെ വിദ്യാർത്ഥി - യുവജന - വനിതാ സ്ക്വാഡുകളുടെ പ്രവർത്തനം എല്ലാ ഡിവിഷനുകളിലും സജീവമാവുകയാണ്. യുവസ്ഥാനാർത്ഥികൾക്ക് വോട്ട് തേടി കോളേജ് വിദ്യാർത്ഥികളും യുവാക്കളും ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.

 കുടുംബ യോഗങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ

മൂന്ന് മുന്നണികളും സാദ്ധ്യമായ ഇടങ്ങളിലെല്ലാം കുടുംബ യോഗങ്ങൾ ചേരുന്നുണ്ട്. എല്ലാ പാർട്ടികളുടെയും ബഹുജന - പോഷക സംഘടനകൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പ്രവർത്തക കൺവെൻഷനുകൾ പൂർത്തിയാക്കി. എല്ലാ ഡിവിഷനിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സജീവമായി പ്രവർത്തിക്കുകയാണ്. നിരത്തുകളിൽ കൊടി തോരണങ്ങൾ നിറഞ്ഞുകഴിഞ്ഞു. കൊവിഡിനിടയിലും തിരഞ്ഞെടുപ്പ് ഉത്സവത്തിനായി ആവേശത്തോടെ നാടൊരുങ്ങുന്ന കാഴ്ചകളാണെങ്ങും.