patha

വോട്ട് ചോദിക്കാൻ വരുന്നവർ അറിയണം

പുലിയും ആനയും ഇറങ്ങുന്ന വന പാതയിലൂടെ

നാലോ,അഞ്ചോ കിലോമീറ്റർ താണ്ടിയുള്ള സാഹസിക യാത്ര

പത്തനാപുരം:'' ഏറ്റവും ഉയരം കൂടിയ മരം നോക്കി കയറണം. എങ്കിലേ തടസമില്ലാതെ ഓൺലൈൻ ക്ളാസിലിരിക്കാൻ പറ്റൂ. ഉയരം കൂടിയ മരങ്ങൾ തപ്പി വീട്ടിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി ഉൾ വനത്തിലെ പാറമുകളിലോ കുന്നിൻ ചരുവിലോ എത്തണം, ആനയോ പുലിയോ വഴിയിൽ നിന്ന് ആക്രമിക്കുമോ എന്ന പേടിയുണ്ട്.പക്ഷേ ഞങ്ങൾക്ക് പഠിക്കണം. ''. കിഴക്കൻ മേഖലയിലെ പിറവന്തൂർ പഞ്ചായത്തിൽ ചെമ്പനരുവി വാർഡിലെ ആദിവാസി വിദ്യാർത്ഥികൾ പറയുന്നു. നാലും അഞ്ചും കിലോമീറ്ററുകൾക്കപ്പുറമുള്ള ഉൾവനത്തിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ യാത്ര സാഹസികമാണ്. ജീവൻ പണയം വച്ചും പഠനം മുടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. പക്ഷേ അധികൃതർ മനസുവച്ചാൽ ഈ അപകടം നിറഞ്ഞ യാത്ര ഒഴിവാക്കി മനസമധാനത്തോടെ പഠിക്കാൻ സാധിക്കുമെന്നാണ് ഇവർ കരുതുന്നത്.

അസൗകര്യങ്ങളല്ലാതെ ഒന്നുമില്ല

85 ലധികം കുടുംബങ്ങളുണ്ടിവിടെ.ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇവിടെ കിട്ടാറില്ല. വീട്, കക്കൂസ്, കിണർ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഒന്നുമില്ലാത്തവരുമുണ്ട്. അതൊന്നുമില്ലെങ്കിലും കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് ഓരോ ആദിവാസി കുടുംബങ്ങളുടെയും അപേക്ഷ. മൊബൈൽ ടവറില്ല, നിലയ്ക്കാത്ത വൈദ്യുതി ഇല്ല...കുട്ടികൾ എങ്ങനെ പഠിക്കും? എന്നാണ് അവർ ആശങ്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

പഠിച്ച് മിടുക്കരാകണം എന്നാഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളുണ്ട് ഈ ആദിവാസി ഊരിൽ.

പക്ഷേ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അവരെ പിന്നോട്ട് വലിയ്ക്കുന്നത്. എന്നാൽ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ തന്നെയാണ് അവരുടെ തീരുമാനം. പഠിക്കാനുള്ള സൗകര്യമെങ്കിലും എത്തിച്ചില്ലെങ്കിൽ ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും.

വാഗ്ദാനങ്ങളിൽ വീഴില്ല

കെ.ബി ഗണേശ് കുമാർ എം.എൽ.എ ഓൺ ലൈൻ പഠന സൗകര്യത്തിനായി അങ്കണവാടിയിൽ ടി .വി വാങ്ങി നല്കിയിട്ടുണ്ടെങ്കിലും മിക്കപ്പോഴും വൈദ്യുതി മുടക്കമായതിനാൽ പ്രയോജനമില്ല. വർഷങ്ങളായി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച വിവിധ രാഷ്ട്രീയ ജനപ്രതിനിധികൾ മൊബൈൽ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. പിറവന്തൂർ പഞ്ചായത്തിൽപ്പെട്ട ഈ വാർഡിൽ 85 കുടുംബങ്ങളിലായി 200 ലധികം വോട്ടർമാരുണ്ട്.ഇനി വാഗ്ദാനങ്ങളിൽ വീഴില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ.

വാഗ്ദാനങ്ങൾ പാലിക്കാത്ത ജനപ്രതിനിധികളെ നാട്ടുകാർക്ക് മടുത്തു. ആദിവാസികൾക്കുള്ള ആനുകൂല്യങ്ങൾ മൊത്തമായി കിട്ടിയില്ലെങ്കിലും കുട്ടികൾക്ക് പഠനസൗകര്യമെങ്കിലും ഒരുക്കാൻ അധികൃതർ തയ്യാറാകണം.

സന്തോഷ് മുള്ളുമല (ആദിവാസി ഡവലപ്പ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്)

ഞങ്ങൾക്ക് പഠനസൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇത്തവണ ഞങ്ങളുടെ രക്ഷിതാക്കൾ വോട്ട് ചെയ്യില്ല.

ആതിര. (പ്ലസ് വൺ വിദ്യാർത്ഥി )