പിന്നാലെയുണ്ട് ചെലവ് നിരീക്ഷകർ
കൊല്ലം: പണമിറക്കി വോട്ടർമാരുടെ മനസിളക്കാൻ ശ്രമിക്കുന്ന സ്ഥാനാർത്ഥികളെ കുടുക്കാൻ തിരഞ്ഞെടുപ്പ് നിരീക്ഷകർ കളത്തിലിറങ്ങി. രണ്ടുദിവസം മുൻപ് സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ചെലവ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള തുകയിൽ കവിയരുതെന്ന് നിർദ്ദേശം നൽകി.
ഇന്ന് മുതൽ പോസ്റ്ററുകളും ബോർഡുകളും എണ്ണി നിരീക്ഷകർ പൂർണസമയം ജില്ലയിൽ തന്നെയുണ്ടാകും. പോസ്റ്ററുകൾ എണ്ണുന്നതിനൊപ്പം അച്ചടിച്ച പ്രസുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. പല പോസ്റ്ററുകളിലും 250, 500 എന്നിങ്ങനെയാണ് കോപ്പികളുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയാണോയെന്ന് പ്രസുകളിലെത്തി രേഖകളുമായി ഒത്തുനോക്കും.
പിന്നീട് ചെലവ് കണക്ക് നൽകുമ്പോൾ വിവരങ്ങൾ തെറ്റാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയിക്കുന്നവർ അയോഗ്യരാക്കപ്പെടും. തോൽക്കുന്നവർക്കും ഭാവിയിൽ കുരുക്കുകൾ അഴിക്കേണ്ടി വരും. അനൗൺസ്‌മെന്റിന് ഒരു ദിവസത്തേക്കുള്ള അനുമതി വീണ്ടും ഉപയോഗിക്കുന്ന ശൈലിയുണ്ട്. ഇത് തടയാൻ അനൗൺസ്‌മെന്റ് വാഹനങ്ങൾ തടഞ്ഞുനിറിത്തി രേഖകൾ പരിശോധിക്കും.
ഇവർ പഞ്ചപാണ്ഡവർ!
പൊതുഭരണം, ധനകാര്യം, ഓഡിറ്റ് തുടങ്ങിയ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചിട്ടുള്ളത്. ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലാകും പണമിറക്കിയുള്ള കളികൾ തുടങ്ങുക. കൂടുതൽ പോസ്റ്ററുകളും ബോർഡുകളും നിരക്കാനാണ് സാദ്ധ്യത. പരാതികളും വ്യാപകമാകും. അതുകൊണ്ട് എല്ലാ ഡിവിഷനുകളിലും സഞ്ചരിച്ച് പുതുതായി ഒട്ടിക്കുന്ന പോസ്റ്ററുകളുടെയും സ്ഥാപിക്കുന്ന ബോർഡുകളുടെയും എണ്ണവും കൃത്യമായി ശേഖരിക്കും. വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാനുള്ള നീക്കങ്ങളെ കുറിച്ച് രഹസ്യാന്വേഷണവും നടക്കുന്നുണ്ട്.
ചുമതലകൾ ഇങ്ങനെ
1. ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോളിംഗ് ബൂത്തുകളിൽ പരിശോധന
2. സൂതാര്യത ഉറപ്പാക്കാൻ വോട്ടെണ്ണൽ കേന്ദ്രങ്ങൾ നിരീക്ഷിക്കും
3. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം അടക്കമുള്ള പെരുമാറ്റചട്ട ലംഘനങ്ങൾ
4. പോസ്റ്റൽ ബാലറ്റുകളുടെ സുതാര്യത ഉറപ്പാക്കൽ
5. പ്രചാരണ ചെലവ് കൃത്യമായി ശേഖരിക്കൽ
''
ആദ്യറൗണ്ട് നിരീക്ഷണം പൂർത്തിയാക്കി. ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ നിരീക്ഷണവുമായി എല്ലാ മേഖലകളിലും സഞ്ചരിക്കും.
ചെലവ് നിരീക്ഷകൻ