photo

കൊല്ലം: പഠനം പോരാട്ടമാക്കിയ ഗോപികയ്ക്ക് ഡോക്ടറാകാനായിരുന്നു മോഹം. സങ്കടക്കൂരയിലിരുന്ന് കണ്ട ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഗോപിക. അതിന് തുണയായ കേരളകൗമുദിയോടുള്ള നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല ഗോപിക. കൊല്ലം ഓയൂർ കരിങ്ങന്നൂർ പുത്തൻവിള വീട്ടിൽ പരേതനായ രവി - ഗിരിജ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.

'പഠനം ഗോപികയ്ക്ക് ജീവിക്കാനുള്ള പോരാട്ടം' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട പാലായിലെ കോച്ചിംഗ് സെന്റർ ഫീസ്, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യമായി നൽകിയാണ് എൻട്രൻസെഴുതാൻ പ്രാപ്തയാക്കിയത്.

പ്രവേശനപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ ഇ.എസ്.ഐയുടെ കീഴിലുള്ള ചെന്നൈയിലെ പി.ജി.ഐ.എം.എസ്.ആർ മെഡിക്കൽ കോളേജിൽ ഒരാഴ്ചയ്ക്കുള്ളിൽ അഡ്മിഷൻ എടുക്കണമെന്നാണ് അറിയിപ്പ് ലഭിച്ചത്. പൂയപ്പള്ളി സ്കൂളിലെ റാണി ടീച്ചറുടെ തണലിലാണ് അതിനുള്ള തയ്യാറെടുപ്പുകൾ. ഇ.എസ്.ഐ ക്വാട്ടയിലാണ് അഡ്മിഷൻ തരപ്പെട്ടത്.

പത്താം ക്ളാസിലും പ്ളസ് ടു പരീക്ഷയിലും എല്ലാ വിഷയത്തിനും എ പ്ളസ് വാങ്ങിയാണ് ഗോപിക പാസായത്. പ്ളസ് ടു പരീക്ഷയിൽ മിന്നും വിജയം നേടിയപ്പോഴാണ് 2018 മേയ് 12ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.

എൻട്രൻസ് പഠനത്തിനുള്ള സൗകര്യം മാത്രമല്ല, പഞ്ചായത്തിൽ നിന്നും സുമനസുകളിൽ നിന്നും ലഭിച്ച സഹായം ഉപയോഗിച്ച് പുതിയ വീട് നിർമ്മിക്കാനും സാധിച്ചു. ഡോക്ടറാകാനുള്ള മോഹം പൂവണിയുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഗോപികയെ വിഷമിപ്പിക്കുന്നുണ്ട്.

 തോരാതെ സങ്കടങ്ങൾ

ചെറിയ മഴയിൽ പോലും ചോർന്നൊലിക്കുന്ന കൂരയിലായിരുന്നു രണ്ടുവർഷം മുൻപുവരെ ഗോപിക താമസിച്ചിരുന്നത്. ഹൈദരാബാദിൽ കാന്റീൻ തൊഴിലാളിയായിരുന്ന പിതാവ് രവി ഒൻപത് വർഷം മുൻപ് കാൻസർ മൂലം മരിച്ചു. കശുഅണ്ടി തൊഴിലാളിയായിരുന്ന അമ്മ ഗിരിജയ്ക്ക് കരൾരോഗം പിടിപെട്ടതോടെ കുടുംബം പട്ടിണിയിലായി. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന മാതൃ സഹോദരൻ ഉണ്ണിയും വാർദ്ധക്യം ബാധിച്ച അമ്മയുടെ അമ്മ വിലാസിനിയും വീട്ടിലുണ്ട്.

"

ചോർന്നൊലിക്കുന്ന കൂരയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതായിരുന്നു എന്റെ സ്വപ്നങ്ങൾ. എന്നാൽ, കേരളകൗമുദി പത്രം എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശി. ഇപ്പോൾ എം.ബി.ബി.എസ് പഠനം യാഥാർത്ഥ്യമായി. നന്ദി വാക്കുകളിൽ ഒതുങ്ങില്ല.

ഗോപിക രവി