കൊല്ലം: പുത്തൂർ കാരിക്കലുകാരുടെ പ്രിയപ്പെട്ട തുന്നൽകാരി കെ. ഗീത തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോൾ കിട്ടിയ ചിഹ്നം തയ്യൽ മെഷീൻ! പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കാരിക്കൽ പതിനെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് കാരിക്കൽ ചിത്രാഞ്ജലിയിൽ കെ.ഗീത.
വീടിനോട് ചേർന്നാണ് ഗീതയുടെ തയ്യൽക്കട. തുണികൾ പല നീളത്തിലും വീതിയിലും വെട്ടിയെടുത്ത് തുന്നിയെടുത്ത് മനോഹരമായ വസ്ത്രങ്ങളാക്കും പോലെ നാടിന്റെ വികസനത്തിനും തന്റേതായ ഭാവനകളുണ്ട് ഗീതയ്ക്ക്. കോൺഗ്രസ് വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റായി സജീവ രാഷ്ട്രീയ രംഗത്തുള്ളയാളാണ് ഗീത.
കെ.എസ്.എഫ്.ഇയുടെ കളക്ഷൻ ഏജന്റായും എൽ.ഐ.സി ഏജന്റായുമാെക്കെ സമൂഹവുമായി അടുത്തിടപഴകുമ്പോഴാണ് തിരഞ്ഞെടുപ്പ് എത്തിയത്. എന്നാൽ പാർട്ടി മറ്റൊരാൾക്ക് ടിക്കറ്റ് നൽകി. ഇതോടെ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിത വിജയത്തിന് കൂട്ടുനിൽക്കുന്ന തയ്യൽ മെഷീൻ തന്നെ ചിഹ്നമായി അനുവദിച്ച് കിട്ടിയപ്പോൾ ഗീതയ്ക്ക് ഇരട്ടി സന്തോഷം. 1993ൽ പുത്തൂർ ലയൺസ് ക്ളബാണ് ഗീതയ്ക്ക് തയ്യൽ മെഷീൻ നൽകി സ്വയം തൊഴിലിന് പ്രാപ്തയാക്കിയത്.
തിരഞ്ഞെടുപ്പ് ഗോദയിൽ ഗീതയും സജീവമായതോടെ വാർഡിൽ മത്സരത്തിന് നാല് അംഗനമാരായി. ഇടത് മുന്നണിയുടെ ഗീത ജയകുമാറും യു.ഡി.എഫിന്റെ എസ്.സനിതയും ബി.ജെ.പിയുടെ ഭാഗ്യശ്രീയുമാണ് മറ്റ് സ്ഥാനാർത്ഥികൾ. പ്രചാരണ രംഗത്ത് എല്ലാവരും ഒന്നിനൊന്ന് മെച്ചമായി വിജയ പ്രതീക്ഷയിലാണ്.
''
സ്ഥാനാർത്ഥി നിർണയം അടുത്തപ്പോൾ ഈഴവ വിഭാഗത്തിന് വോട്ട് കുറവാണെന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കിയത്.
ഗീത