തൊടിയൂർ: അന്ന് ആരോഗ്യ ഉപകേന്ദ്രമായിരുന്ന കെട്ടിടം ഇന്ന്നാട്ടുകാർക്ക് ഉപദ്രവമായി മാറുന്നു.
തൊടിയൂർ പി. എച്ച് .സിയുടെ സബ് സെന്ററായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. എട്ടാം വാർഡിൽ തൊടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന് വടക്കുവശം പഞ്ചായത്തിന്റെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സബ് സെന്റർ കെട്ടിടം ജീർണവസ്ഥയിലായതോടെ സമീപത്തെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. അതോടെ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്ന സബ് സെന്ററിന്റെ പ്രവത്തനം ആഴ്ചയിൽ ഒരുദിവസം മാത്രമായി ഇപ്പോൾചുരുക്കി.
മാലിന്യ നിക്ഷേപ കേന്ദ്രമായി
ആരോഗ്യ ഉപകേന്ദ്രം മാറ്റി സ്ഥാപിച്ചതോടെ പഴയ കെട്ടിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണി സബ് സെന്ററിന്റെ മതിൽക്കെട്ടിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന് പുറമേ ഖരമാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നു. ചത്ത നായ്ക്കളെപ്പോലും ഇവിടേയ്ക്ക് വലിച്ചെറിയുന്നതായി പരിസരവാസികൾപറയുന്നു. കെട്ടിടത്തിന്റെ ഓടുകൾ മിക്കതും തകർന്നുകഴിഞ്ഞു. ഓടുകൾ തകർന്ന ഭാഗത്ത് പ്ലാസ്റ്റിക്ക്ഷീറ്റ് മേഞ്ഞിരിക്കുന്നു.
പുതിയകെട്ടിടം എവിടെ ?
പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടത്തിന് ജീവതശൈലിരോഗനിർണയ ക്ലിനിക് എന്ന ബോർഡ് ഇപ്പോഴും ഉണ്ട്. പുതിയകെട്ടിടം നിർമ്മിച്ച് സബ് സെന്റർ പുനസ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പാക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. യഥാസമയം മെയിന്റനൻസ് നടത്തിയിരുന്നെങ്കിൽ കെട്ടിടം ഉപയോഗപ്രദമായി നിലനിറുത്താൻ കഴിയുമായിരുന്നെന്നും അവർ പറയുന്നു.