fore
പുനലൂരിന് സമീപത്തെ ഐക്കരക്കോണം ഇഞ്ചത്തടത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ട് പോത്തിനെ തിരയുന്ന ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് ഉദ്യോഗസ്ഥർ.

പുനലൂർ:ഐക്കരക്കോണത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ട് പോത്തിനെ കണ്ട പ്രദേശവാസികൾ കടുത്ത ഭീതിയിൽ. ശനിയാഴ്ച അർദ്ധ രാത്രിയിൽ ഇറങ്ങിയ കാട്ട് പോത്ത് ഇന്നലെ രാവിലെ 7.30വരെ പ്രദേശത്തെ കൃഷിയിടങ്ങളിലും റബർ തോട്ടങ്ങളിലും കറങ്ങി നടന്ന് ഭീകരാന്തരിക്ഷം ഉണ്ടാക്കിയത് കാരണം നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ഐക്കരക്കോണത്തെ ഇഞ്ചത്തടം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ജനവാസ മേഖലയിലാണ് നാട്ടുകാർ കൂറ്റൻ കാട്ടു പോത്തിനെ കണ്ടത്. കല്ലടയാറിനോട് ചേർന്ന വന മേഖലയിൽ നിന്നും എത്തിയ കാട്ടു പോത്താകാം എന്നാണ് കരുതുന്നത്. പ്രദേശവാസികളായ റെജി, വിജേഷ് തുടങ്ങിയവരാണ് ഇന്നലെ രാവിലെയും കാട്ട് പോത്തിനെ കണ്ടത്. സംഭവം അറിഞ്ഞെത്തിയ മുൻ വാർഡ് കൗൺസിലർ എസ്.സുബിരാജ് വനപാലകരെ വിവരം അറിയിച്ചു.ഇത് കണക്കിലെടുത്ത് ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീർ എം.നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വനപാലകർ ഇഞ്ചത്തടത്തിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും കാട്ട് പോത്തിനെ കണ്ടെത്താനായില്ല.