കൊല്ലം: പതിവ് പോലെ കിഴക്ക് നിന്നുള്ള കരക്കാറ്റ് ശക്തമായതോടെ കൊല്ലം തീരത്ത് നിരാശ പടരുന്നു. മണ്ണെണ്ണയ്ക്കുള്ള കാശിനുള്ളത് പോലും വലയിൽ കുരുങ്ങാതെയാണ് പല വള്ളങ്ങളും മടങ്ങിയെത്തുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ വിലയും ഉയർന്ന് തുടങ്ങിയിട്ടുണ്ട്.
എല്ലാവർഷവും നവംബർ പകുതി മുതൽ ഡിസംബർ അവസാനം വരെ കരക്കാറ്റ് ശക്തമാകും. അതുകൊണ്ട് തന്നെ ഈ സീസണിൽ മത്സ്യലഭ്യത കുറവായിരിക്കും. കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കായ ചാള പേരിന് പോലും കിട്ടുന്നില്ല. പക്ഷെ ചെറിയ കരിച്ചാള ആവശ്യം പോലെ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വില കിലോയ്ക്ക് 30 രൂപ വരെയായി ഇടിഞ്ഞു. കണ്ണൻ അയലയും കാര്യമായി കിട്ടുന്നുണ്ട്. എന്നാൽ കേരച്ചൂര, നെയ്‌മീൻ, അയല എന്നിവയുടെ ലഭ്യത കുറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടഞ്ഞുകിടന്ന ഹാർബറുകൾ തുറന്നത് മുതൽ മോശമല്ലാത്ത മത്സ്യലഭ്യത ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് ലഭ്യത താഴ്ന്നു തുടങ്ങിയത്.
വീണ്ടും ആൾക്കൂട്ടം
കൊല്ലം തീരത്തെ എല്ലാ ലാൻഡിംഗ് സെന്ററുകളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം പതിവാകുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ പൊലീസും കാര്യമായി ഇടപെടുന്നില്ല. കച്ചവടക്കാരേക്കാൾ സ്വകാര്യ വ്യക്തികളാണ് കൂടുതലായെത്തുന്നത്. ആളുകൾ കൂടുതലെത്തുമ്പോൾ വിലയും ഉയരും. ഇത് മത്സ്യത്തൊഴിലാളികൾക്ക് ഗുണമാണ്. എന്നാൽ കൊവിഡ് ബാധയുണ്ടായ ഹാർബറുകൾ അടയ്ക്കുന്ന സ്ഥിതി വീണ്ടുമുണ്ടാകുമെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു.
ഇനം, ഒരാഴ്ച മുൻപ്, ഇപ്പോൾ
കേരച്ചൂര(ചെറുത്)- 180-200, 240
നെയ്‌മീൻ ചെറുത്-375, 450, 500
അയല ചെറുത്- 120-130, 160-180
കണ്ണൻ അയല- 100, 100-110
വറ്റ- 190-200, 230-260
കരിച്ചാള ചെറുത് ....... , 30