election

 നാടാകെ തിരതല്ലി ആൾക്കൂട്ടങ്ങൾ

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ നിറം അണിഞ്ഞതോടെ ആരോഗ്യവകുപ്പിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിർദേശങ്ങൾ അവഗണിക്കപ്പെടുന്നതിൽ ആശങ്ക. ഇന്നലെ ജില്ലയിലെമ്പാടും നടന്ന പ്രചാരണ പ്രവർത്തനങ്ങളെ ശക്തി പ്രകടനങ്ങളാക്കി മുന്നണികൾ മാറ്റി.

തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്ക്, തൊപ്പി, ചിഹ്നവും സ്ഥാനാ‌ത്ഥിയുടെ ചിത്രവും പതിച്ച വസ്ത്രങ്ങൾ എന്നിവ ധരിച്ച പ്രവർത്തകർ ഉത്സവാന്തരീക്ഷത്തിലാണ് വീടുകൾ കയറി വോട്ടുറപ്പാക്കുന്നത്. അഞ്ചുപേരിൽ കൂടുതൽ വീടുകളിൽ കയറരുതെന്ന നിർദേശം പാലിക്കുന്നവർ ചുരുക്കമാണ്.

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടവും നിർദേശം നൽകിയിരുന്നു. വരണാധികാരികൾ വിളിച്ചുചേർത്ത സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തതയും വരുത്തിയിരുന്നു. എന്നാലിതൊന്നും പാലിക്കപ്പെടുന്നില്ല.

 അകലം മറക്കരുത്

രാവിലെ മുതൽ വൈകും വരെ പ്രചാരണ സംഘത്തിലെ ഏതെങ്കിലുമൊരാൾക്ക് രോഗം ബാധിച്ചാൽ പ്രചാരണം നിറുത്തിവച്ച് എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. 50 പേർ ഒരുമിച്ച് വീടുകൾ കയറാതെ പത്ത് സംഘങ്ങളായി വിവിധ ഭാഗങ്ങളിലേക്ക് പോയാൽ കൂടുതൽ മേഖലകളിലേക്ക് പ്രചാരണം എത്തിക്കാനാകുമെന്ന് മാത്രമല്ല രോഗസാദ്ധ്യതകളിൽ നിന്ന് അകന്ന് നിൽക്കാനുമാകും.

 പരിശോധനാ സംഘങ്ങൾ എവിടെ?

തിരഞ്ഞെടുപ്പ് സ്ക്വാഡുകളും ആരോഗ്യവകുപ്പ് സംഘങ്ങളും ആദ്യഘട്ടത്തിൽ പരിധിയിൽ കൂടുതൽ ആളുകളുമായി വോട്ട് തേടുന്നവരെ കണ്ടെത്തി പിന്തിരിപ്പിച്ചിരുന്നു. എന്നാൽ ആവേശ പ്രചാരണത്തിലേക്ക് കാര്യങ്ങൾ മാറിയപ്പോൾ സ്‌ക്വാഡ് പ്രവർത്തനം എല്ലായിടത്തും എത്തുന്നില്ലെന്ന് പരാതിയുണ്ട്. പ്രമുഖ പാർട്ടികൾ ആളെ കൂട്ടി പ്രചാരണം നടത്തുമ്പോൾ തടയാൻ ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ലെന്നാണ് വിമർശനം.

 ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ

1. ഭവന സന്ദർശനത്തിൽ സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേർ മാത്രം

2. വീടിനകത്തേക്ക് പ്രവേശിക്കരുത്

3. വീട്ടിലുള്ളവരും പ്രവർത്തകരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം

4. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസർ കൈയിൽ കരുതണം

5. വീട്ടുകാർക്ക് കൈ കൊടുക്കരുത്, ആലിംഗനം ചെയ്യരുത്

6. വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ എന്നിവരുമായി അടുത്തിടപഴകരുത്

7. കുട്ടികളെ എടുത്ത് ഓമനിക്കരുത്

8. പനി, ചുമ, തൊണ്ടവേദന എന്നിവയുള്ളവർ പ്രചാരണത്തിനിറങ്ങരുത്

9. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവയിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

10. സ്ഥാനാർത്ഥിക്ക് ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകരുത്

''

നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ - താലൂക്ക് തലത്തിൽ പ്രത്യേക തിരഞ്ഞെടുപ്പ് സ്ക്വാഡുകളും ആരോഗ്യ വകുപ്പിന്റെ സംഘങ്ങളും രംഗത്തുണ്ട്.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ