കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിൽ സജ്ജമാകുന്നത് 2,761 പോളിംഗ് ബൂത്തുകൾ. 1,420 വാർഡുകളിലായാണ് ഇത്രയും പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകൾ ചടയമംഗലത്താണ്, 265. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഏറ്റവും കുറവ്, 170. മുനിസിപ്പാലിറ്റികളിൽ ഏറ്റവും അധികം ബൂത്തുകൾ കരുനാഗപ്പള്ളിയിലാണ്, 38. കൊല്ലം കോർപ്പറേഷനിൽ 55 വാർഡുകളിലായി 265 ബൂത്തുകളുണ്ട്.
ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകൾ തൃക്കോവിൽവട്ടത്താണ്, 49 എണ്ണം. ചവറ, കുലശേഖരപുരം, മയ്യനാട്, കല്ലുവാതുക്കൽ എന്നീ പഞ്ചായത്തുകളിൽ 47 വീതം പോളിംഗ് സ്റ്റേഷനുകളുണ്ട്. 32 ഗ്രാമപഞ്ചായത്തുകളിൽ വാർഡുകളുടെ ആകെ എണ്ണത്തിന്റെ ഇരട്ടിയാണ് പോളിംഗ് സ്റ്റേഷനുകൾ. മൺറോത്തുരുത്ത് പഞ്ചായത്തിലും പരവൂർ, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും വാർഡുകളുടെ എണ്ണത്തിന് തുല്യമായാണ് പോളിംഗ് സ്റ്റേഷനുകളുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകളുള്ളത് മൺറോതുരുത്തിലാണ്, 13 എണ്ണം. 13 വാർഡുകൾ വീതമുള്ള തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിൽ യഥാക്രമം 17 ,16 പോളിംഗ് സ്റ്റേഷനുകളുണ്ട്.