പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ പകുതിയിലധികവും വനിതാ സംവരണ വാർഡായതോടെ പ്രമുഖരായ നേതാക്കൾ പലരും അങ്കത്തട്ടിന് പുറത്ത്. 23 വാർഡുകളിൽ 12 വാർഡുകൾ വനിതാ വാർഡുകളായതിന് പുറമേ ശേഷിക്കുന്ന 11 ജനറൽ സീറ്റുകളിലും വനിതകൾ കളത്തിലിറങ്ങിയതോടെയാണ് പ്രമുഖ നേതാക്കൾ പുറത്തായത്. സി.പി.എമ്മിന്റെ പാരിപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ആർ.എം. ഷിബുവിന്റെ കരിമ്പാലൂർ വാർഡ് വനിതാ വാർഡായതോടെ അദ്ദേഹം കളത്തിന് പുറത്തായി.
സി.പി.ഐ നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. സിന്ധു, മുൻ വൈസ് പ്രസിഡന്റായിരുന്ന കെ. ജോയിക്കുട്ടി എന്നിവരുടെ മത്സര രംഗത്തെ അസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ജോയിക്കുട്ടിയുടെ സ്വന്തം തട്ടകം വനിതാ വാർഡായപ്പോൾ കെ. സിന്ധു ഇക്കുറി മത്സരത്തിനിറങ്ങിയില്ല. കോൺഗ്രസിനാണ് കല്ലുവാതുക്കലിൽ കനത്ത നഷ്ടം. പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവായിരുന്ന അഡ്വ. എസ്.എസ്. സിമ്മി ലാൽ, ആർ.ഡി. ലാൽ എന്നിവരുടെ കോട്ടയ്ക്കേറം, വേളമാനൂർ വാർഡുകൾ വനിതാ വാർഡുകളായപ്പോൾ ഇവർ മത്സര രംഗത്തു നിന്ന് പുറത്തായി. മണ്ഡലം പ്രസിഡന്റുകൂടിയായ സജീവ് സജിഗത്തിലിന് സ്വന്തം വാർഡ് നഷ്ടമായെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ ബി.ജെ.പിയുടെ രോഹിണിക്കും ഇത്തവണ ഗ്രാമ പഞ്ചായത്തിലേക്ക് സീറ്റില്ല.
23 വാർഡുകൾ
ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ കല്ലുവാതുക്കലിൽ 23 വാർഡുകളാണുള്ളത്. ഇടതു മുന്നണിയിൽ സി.പി.എം 14 സീറ്റിലും സി.പി.ഐ 9 സീറ്റിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് 22 സീറ്റിലും ആർ.എസ്.പി ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പി തന്നെയാണ് 23 സീറ്റിലും മത്സരിക്കുന്നത്.