c

കൊല്ലം: ഇനി എട്ടുനാൾ കൂടി പിന്നിടുമ്പോൾ നഗരം പോളിംഗ് ബൂത്തിലേക്ക് പോകും. അതിന് മുൻപുതന്നെ വോട്ടർമാരുടെ മനസിൽ കയറിപ്പറ്റാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുകയാണ് സ്ഥാനാർത്ഥികൾ. ചിട്ടയായ തിര‌ഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്ന മുന്നണി സ്ഥാനാർത്ഥികൾ തലവേദന സൃഷ്ടിക്കുന്നത് സ്വതന്ത്രന്മാരും വിമതരുമാണ്.

നഗരത്തിൽ ആദ്യം നിരന്നത് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളാണ്. പിന്നാലെ ബോർഡുകളെത്തി. ഇപ്പോൾ നഗരവഴികളിലെല്ലാം രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങൾ കൊണ്ട് നിരന്നുകഴി‌ഞ്ഞു. സാധാരണ തിരഞ്ഞെടുപ്പ് കാലത്ത് കൊടികെട്ടുന്നതിനെയും പോസ്റ്റർ നശിപ്പിക്കുന്നതിനെയും ചൊല്ലി തർക്കങ്ങൾ പതിവാണ്. പക്ഷെ അത്തരത്തിലുള്ള സംഭവങ്ങളൊന്നും ഇത്തവണ ഇതുവരെയുണ്ടായിട്ടില്ല. അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോഴാണ് അത്തരം സംഭവങ്ങൾക്ക് കൂടുതൽ സാദ്ധ്യത. അതുകൊണ്ടുതന്നെ പൊലീസും കനത്ത ജാഗ്രതയിലാണ്.

രാപ്പകലില്ലാതെ പ്രചാരണം

നേരം പുലരുമ്പോൾ മുതൽ വീടുകയറിത്തുടങ്ങുന്ന സ്ഥാനാർത്ഥികളിൽ പലരും രാത്രി വൈകിയും വോട്ടഭ്യർത്ഥന തുടരുകയാണ്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ഈ സമയങ്ങളിൽ കുടുംബയോഗങ്ങൾ നടക്കുന്നുണ്ട്. എല്ലാ മുന്നണികൾക്കും പ്രമുഖരായ നേതാക്കളും എത്തുന്നുണ്ട്. കൊവിഡായതിനാൽ വലിയ പൊതുയോഗങ്ങൾ എല്ലാ പാർട്ടികളും ഉപേക്ഷച്ചിരിക്കുകയാണ്. എത്തുന്ന നേതാക്കളെല്ലാം കുടുംബ യോഗങ്ങളിലാണ് പ്രസംഗിക്കുന്നത്.