കരുനാഗപ്പള്ളി: തണ്ണീർത്തടങ്ങളിലും കായലുകളിലും അറവ് മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അറവ് മാലിന്യങ്ങൾ ജലാശയങ്ങളിൽ തള്ളുന്നതിനെരെ ശക്തമായ നിർദ്ദേശങ്ങൾ നിലവിൽ ഉണ്ടെങ്കിലും ഇതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇറച്ചി വ്യാപാരികൾ പ്രവർത്തിക്കുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്ത ശേഷം എല്ലിൻ കക്ഷണങ്ങളും മറ്റ് മാലിന്യങ്ങളും രാത്രിയുടെ മറവിൽ ചാക്കുകളിൽ കെട്ടി ജലാശയങ്ങളിലാണ് തള്ളുന്നത്. ചാക്കിനുള്ളിൽ പാറക്കല്ലുകൾ കെട്ടി വയ്ക്കുന്നതിനാൽ മാലിന്യം അടങ്ങിയ ചാക്ക് കെട്ടുകൾ കായലിന്റെ അടിത്തട്ടിൽ താഴ്ന്ന് കിടക്കും.ദിവസങ്ങൾക്കു ശേഷം ചാക്കുകെട്ടുകൾ പൊന്തി വരും. കായലിൽ പൊന്തിക്കിടക്കുന്ന അറവ് മാലിന്യങ്ങൾ കാക്കകളും പരുന്തും കൊത്തി വലിച്ച് സമീപ പ്രദേശങ്ങളിലും വീട്ടുവളപ്പുകളിലെ കിണറുകളിലും കൊണ്ടിടുന്നത് പതിവ് കാഴ്ചയാണ്.
ദുർഗന്ധം സഹിക്കാൻ വയ്യ
പള്ളിക്കലാറിന്റെ അടിത്തട്ടിൽ ടൺ കണക്കിന് മാലിന്യങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി തോടുകളും ഇടക്കാനാലുകളും പള്ളിക്കലാറിൽ വന്ന് ചേരുന്നുണ്ട്. അവിടെ നിന്നെല്ലാം മാലിന്യങ്ങൾ ഒഴുകിയെത്തുന്നുണ്ട്. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ അനവധിയാണ്. മാലിന്യങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന ദുർഗന്ധമാണ് നാട്ടുകാർക്ക് സഹിക്കാൻ കഴിയാത്തത്.
സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം
ശ്രീനാരായണ ജലോത്സവം നടക്കുന്ന കന്നേറ്റി ശ്രീനാരായണ ഗുരു പവലിയൻ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര രംഗം മെച്ചപ്പെട്ട് വരികയാണ്. കൊവിഡിന് മുമ്പ് വരെ ദിവസവും നിരവധി വിനോദ സഞ്ചാരികൾ ഇവിടെ എത്തി ബോട്ടിൽ ഉല്ലാസ യാത്ര ചെയ്യുമായിരുന്നു. ഡി.ടി.പി.സി ലെ ഉയർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസവും ഇവിടം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കന്നേറ്റി പാലത്തിന്റെ വശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ മാലിന്യം നിക്ഷേപിക്കുന്നത് പൂർണമായും തടയാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.