ochira
ഓച്ചിറ പള്ളിമുക്കിന് സമീപം നിലം നികത്തിയ നിലയിൽ

ഓച്ചിറ: തിരഞ്ഞെടുപ്പിന്റെ മറവിൽ ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ മേമന, വലിയകുളങ്ങറ, മഠത്തിൽകാരാഴ്മ പ്രദേശങ്ങളിലാണ് നികത്തൽ വ്യാപകമായി നടക്കുന്നത്. അവധി ദിവസങ്ങളിൽ മണ്ണടിക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഇത് ഫലപ്രദമായി തടയാൻ കഴിയുന്നില്ല. നിരവധി ലോറികളിൽ ഒരേസമയമാണ് ഗ്രാവൽ കൊണ്ടുവന്ന് ഇറക്കുന്നത്.

ജെ.സി.ബി പിടിച്ചെടുത്തു

ഇന്നലെ രാവിലെ വലിയകുളങ്ങര പള്ളിമുക്കിന് കിഴക്കുവശം വയലിൽ ഇറക്കിയ മണ്ണ് നിരത്തുകയായിരുന്ന ജെ.സി.ബി ഓച്ചിറ പൊലീസ് പിടിച്ചെടുത്ത് കേസെടുത്തു. വില്ലേജ് അധികാരികളും ഓച്ചിറ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ജെ.സി.ബി പിടിച്ചെടുത്തത്. വില്ലേജ് ഓഫീസർ അനിൽകുമാർ, എസ്.എെ ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്. വസ്തു ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അനധികൃതമായി നിലം നികത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.