pho
അയൽ സംസ്ഥാനങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർ എത്താതിരുന്നതിനെ തുടർന്ന് വിജനമായ പുനലൂർ ടി..ബി..ജംഗ്ഷനിലെ ഇടത്താവളം.

പുനലൂർ:കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർ എത്താത്തതിനാൽ പുനലൂരിലെ ഇടത്താവളത്തിലെ വ്യാപരികൾ കടുത്ത സാമ്പത്തിക പ്രസിസന്ധി നേരിടുകയാണ്. പുനലൂർ ടി.ബി ജംഗ്ഷനിലെ ഇടത്താവളത്തിലെ 300 ഓളം വ്യാപാരികളാണ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത്. ഇടത്താവളത്തിൽ വൃശ്ചികം ഒന്ന് മുതൽ ആരംഭിക്കുന്ന വ്യാപാരം മകര വിളക്ക് സീസൺ അവസാനിക്കുന്നത് വരെ തുടർന്നിരുന്നു. ഒരു സീസണിലെ കച്ചവടത്തിൽ നിന്നും ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ് അടുത്ത സീസൺ വരെ വ്യാപാരികൾ കുടുംബം പുലർത്തിയിരുന്നത്.എന്നാൽ വൃശ്ചിക മാസം പിറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ചുരുക്കം ചിലർ മാത്രമാണ് ദർശനം കഴിഞ്ഞ് പുനലൂരിലെ ഇടത്താവളത്തിൽ ഇറങ്ങിയത്.

പൊയ്പ്പോയ ഉത്സവകാലം

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ദിവസവും നൂറ് കണക്കിന് തീർത്ഥാടകരാണ് മുൻ വർഷങ്ങളിൽ പുനലൂർ വഴി ശബരിമല ദർശനത്തിന് പോകുന്നത്.അവർ മടങ്ങി വരുമ്പോൾ ടി.ബി.ജംഗ്ഷനിലെ ഇടത്താവളത്തിൽ ഇറങ്ങി മണിക്കൂറുകളോളം തങ്ങി സാധനങ്ങളും മറ്റും വാങ്ങിയ ശേഷമാണ് മടങ്ങാറുളളത്. ആ സമയത്ത് ഇടത്താവളമായ ടി.ബി.ജംഗ്ഷനിൽ ഉത്സവം പോലെയാണ് തിക്കും തിരക്കും. ശബരിമല തീർത്ഥാടകരെയും അവർ സഞ്ചരിക്കുന്ന വാഹനങ്ങളെയും നിയന്ത്രിക്കാൻ 25 ഓളം പൊലിസുകാരെയും ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. ദേശീയ പാതയിലെ ടി.ബി.ജംഗ്ഷൻ മുതൽ കലയനാട് വരെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുമായിരുന്നു.

പട്ടിണിയിലാണ് വ്യാപാരികൾ

ടി.ബി.ജംഗ്ഷനിലെ ഇടത്താവളത്തിന് പുറമെ കലയനാട്, ഇടമൺ, ഇടമൺ-34, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലും വ്യപാരശാലകളിലും ഇറങ്ങിയ ശേഷമാകും അയ്യപ്പൻമാർ നാട്ടിലേക്ക് മടങ്ങുക.ഇതിനിടെ അച്ചൻകോവിൽ, ആര്യങ്കാവ് ,കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രങ്ങളിലും തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. രണ്ടാഴ്ചയായി തീർത്ഥാടകർ കടന്ന് പോകുന്ന പ്രദേശങ്ങളാകെ വിജനമായതോടെ വ്യാപാരികളുംഅവരുടെ കുടുംബാംഗങ്ങളും കടുത്ത പട്ടിണിയിലാണ്.കൊവിഡിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം കൊവിഡ് പ്രോട്ടോകാൾ അനുസരിച്ച് മാത്രമെ തീർത്ഥാടകരെ ശബരിമല ദർശനങ്ങൾക്ക് കടത്തിവിടുകയുളളു.ഇതാണ് പുനലൂരിലെ ഇടത്താവളത്തിലെ വ്യാപാരശാലകൾ ഉൾപ്പെടെയുളള കച്ചവടക്കാർ വറുതിയിലാകാൻ മുഖ്യകാരണം.