കുളത്തൂപ്പുഴ: എല്ലാ മേഖലയിലും അഴിമതി നിറഞ്ഞ ഇടത്, വലത് സർക്കാരുകളിൽ നിന്ന് കേരളത്തിന് മോചനം ലഭിക്കണമെങ്കിൽ എൻ.ഡി.എ അധികാരത്തിലെത്തണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുളത്തൂപ്പുഴ ജില്ലാ ഡിവിഷൻ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ കുളത്തൂപ്പുഴ ഗ്രീൻവാലി ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കും. മോദി സർക്കാരിന്റെ കർമ്മപദ്ധതികൾ അതേപടി കേരളത്തിനും ലഭിക്കണമെങ്കിൽ ഇവിടെ എൻ.ഡി.എ അധികാരത്തിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പുനലൂർ മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, അനിരുദ്ധ് കാർത്തികേയൻ, അഡ്വ. സജുകുമാർ, തഴവ സഹദേവൻ, പി. ബാനർജി, ആർച്ചൽ ശ്രീകുമാർ, അഞ്ചൽ കൃഷ്ണൻകുട്ടി, കയ്യാണിയിൽ അഭിലാഷ്, മോനിഷ, രാധാകൃഷ്ണൻ ചാത്തന്നൂർ, പെരുമ്പുഴ സന്തോഷ്, ജി. അരുൺ, കൈലാസം മുരളി, കെ. രവികുമാർ, രാജീവ്, സതീഷ്, ഗിരിജ തമ്പി, ചാത്തന്നൂർ സുഗുതൻ, സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. ബി.ഡി.ജെ.എസ് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഏരൂർ സുനിൽ സ്വാഗതം പറഞ്ഞു.
കുണ്ടറയിലും കരുനാഗപ്പള്ളിയിലും
കരുനാഗപ്പള്ളി പുതിയകാവ് ഓഡിറ്റോറിയത്തിൽ നടന്ന മുനിസിപ്പൽ എൻ.ഡി.എ കൺവെൻഷനും കുണ്ടറ ആർ. ശങ്കർ മെമ്മോറിയൽ ഹാളിൽ (എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ ഓഫീസ്) നടന്ന കുണ്ടറ ജില്ലാ ഡിവിഷൻ എൻ.ഡി.എ കൺവെൻഷനും തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിലെയും കുണ്ടറയിലെയും പരിപാടികളിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.