തൃശൂർ: പൂന്തോട്ട നിർമ്മാണം, പരിപാലനം, മറ്റ് കാർഷിക വൃത്തികൾ എന്നിവയിൽ വനിതകളെ സജ്ജമാക്കാനുള്ള പരിശീലന പദ്ധതിയുമായി കുടുംബശ്രീ രംഗത്തിറങ്ങുന്നു. കുടുംബശ്രീ മിഷൻ, സമേതി, ആത്മ, കൃഷിവിജ്ഞാന കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾക്കായി 14 ദിവസത്തെ പൂന്തോട്ട പരിശീലന പരിപാടി നടത്തി ഹരിതാഭമാക്കാനാണ് 'ഗ്രീൻ കാർപെറ്റ്' എന്ന പദ്ധതി വഴി ലക്ഷ്യമിടുന്നത്.
സമൂഹ പൂന്തോട്ടം, മിനി ഗ്രീൻ ഹൗസ്, മഴമറക്കൃഷി, ഹാഗിംഗ്, വെർട്ടിക്കൽ ഗാർഡൻ, അക്വാപോണിക്‌സ്, ഓർണമെന്റൽ മത്സ്യക്കൃഷി, ഓമന മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഇതിനായി നാല് മുതൽ 10 വരെ അംഗങ്ങളുള്ള ടീമുകൾ രൂപീകരിക്കും. ഓരോ ജില്ലയിലും അഞ്ച് വീതം ഗ്രീൻ കാർപെറ്റ് ടീമുകളാണുണ്ടാവുക. തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകും.
സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (സമേതി) മുഖേനയാണ് പരിശീലനം ലഭ്യമാക്കുന്നത്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ആദ്യ പരിശീലനം നവംബർ 10ന് തുടങ്ങും. വിത്തുൽപാദനം, പൂന്തോട്ടം, അടുക്കളത്തോട്ടം ഒരുക്കൽ, ലാൻഡ് സ്‌കേപ്പിംഗ് എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളിലാണ് പരിശീലനം നൽകുക. പദ്ധതിയുടെ ഉദ്ഘാടനം മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.
മറ്റ് സവിശേഷതകൾ
"ഡിസംബർ ഒന്ന് മുതൽ ഗ്രീൻ കാർപെറ്റ് ടീമുകൾ ജില്ലയിൽ സജ്ജമാകും. രണ്ട് ഘട്ടങ്ങളിലായാണ് കുടുംബശ്രീയിലെ പരിചയ സമ്പന്നരായവരുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്. ആദ്യബാച്ചിൽ ഇരുപത് പേരുണ്ടാകും. നഗര ഗ്രാമീണമേഖലകളിലെല്ലാമുള്ള വനിതകൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
കെ.വി ജ്യോതിഷ് കുമാർ
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
കുടുംബശ്രീ