medical-college

തൃശൂർ: ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ കൂടുതലായതോടെ മെഡിക്കൽ കോളേജ് അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങൾ വീർപ്പു മുട്ടുന്നു. കൊവിഡിനൊപ്പം മറ്റ് രോഗം ഉള്ളവരെയും പ്രവേശിപ്പിക്കുന്ന മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിൽ രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ 27,000 ന് മുകളിലാണ് രോഗികളുടെ എണ്ണം. ഭൂരിഭാഗം പേരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ പല സെന്ററുകളിലും ആവശ്യമായ സൗകര്യം ഇല്ലെന്ന ആരോപണമാണ് ഉയരുന്നത്. വ്യാപനം ഓരോ ദിവസം ചെല്ലും തോറും കൂടുകയാണ്.

മെഡിക്കൽ കോളേജിൽ

രോഗികളുടെ എണ്ണം ഏറുന്നു

പ്രധാന ചികിത്സാ കേന്ദ്രമായ മെഡിക്കൽ കോളേജിൽ 400 ന് അടുത്ത് രോഗികളാണ് കൊവിഡ് ബാധിച്ചു കിടക്കുന്നത്. കിടക്കകൾ ഉള്ളതിനേക്കാൾ 100 ഓളം പേരാണ് കൂടുതൽ ചികിത്സയിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരും അത്യാസന്ന നിലയിലുള്ളവരാണ്. ഇപ്പോഴും ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടികളായിട്ടില്ല. വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ജീവനക്കാർ പോലും കുറവാണെന്നും ആരോപണമുണ്ട്.

ഒ.പിയിലും തള്ളിക്കയറ്റം

കൊവിഡിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ജനറൽ വാർഡുകളിൽ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ ദിവസം ചെല്ലുന്തോറും എണ്ണം കൂടി വരികയാണ്. കൊവിഡിന് മുമ്പ് ദിനംപ്രതി 4,000 ഓളം പേർ ഒ.പികളിൽ എത്തിയിരുന്നെങ്കിൽ കൊവിഡ് വന്നതോടെ 1,000 മുതൽ 1,200 വരെയായി ചുരുങ്ങി. എന്നാൽ വീണ്ടും എണ്ണം രണ്ടായിരത്തിന് മുകളിലെത്തി.