തൃശൂർ: ദേശ വിരുദ്ധരുടെയും കള്ളക്കടത്തു മാഫിയകളുടെയും താവളമാക്കി കേരളത്തെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ബി.ജെ.പി നടത്തിയ സമരശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ കോർപറേഷൻ ഓഫീസിന് മുന്നിൽ നിർവഹിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ അനീഷ്കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ് സംപൂർണ്ണ, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി. മേനോൻ, മുരളി കൊളങ്ങാട്ട്, എൻ. പ്രസാദ്, പ്രദീപ് മുക്കാട്ടുകര, ശ്രീജിത്ത് വാകയിൽ, ലളിതാംബിക എന്നിവർ കോർപറേഷന് മുന്നിൽ സമര ശൃംഖലയിൽ പങ്കാളികളായി.
കുന്നംകുളം കടവല്ലൂർ മുതൽ ചാലക്കുടി വരെയും തീരദേശ പാതയിൽ ചാവക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയും സമര ശൃംഖലയിൽ ഓരോ 50 മീറ്ററിലും 5 പേർ വീതം സർക്കാരിനെതിരെ പ്ലക്കാർഡും കൊടിയുമായി അണിനിരന്നു. 13 മണ്ഡലങ്ങളിൽ നിന്നായി 25,000 ഓളം പേർ സമരശൃംഖലയിൽ പങ്കാളികളായി. സംസ്ഥാന-ജില്ലാ - മണ്ഡലം നേതാക്കൾ ഉദ്ഘാടകരായി.
വഞ്ചനാദിനം ആചരിച്ചു
തൃശൂർ: യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോർപറേഷന് മുന്നിൽ കേരളപിറവി ദിനത്തിൽ വഞ്ചനാദിനം ആചരിക്കുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് എം.പി വിൻസെൻ്റ് നിർവ്വഹിച്ചു. ചെയർമാൻ അനിൽ പൊറ്റേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ഐ.പി പോൾ, കെ.ആർ ഗിരിജൻ, രാജൻ ജെ. പല്ലൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ എന്നിവർ പങ്കെടുത്തു.