തൃശൂർ: വിയ്യൂർ പൊലീസ് സ്റ്റേഷൻ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനാക്കി മാറ്റിയതിന്റെ ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ് സുനിൽ കുമാറിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1,200 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ഈ കെട്ടിടത്തിൽ മുലയൂട്ടൽ മുറി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിശ്രമസ്ഥലം, കളിയുപകരണം എന്നിവ ഒരുക്കി. ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി എന്നിവ മുഖാന്തരം എത്തുന്ന കുറ്റകൃത്യ വാസനയുള്ള കുട്ടികൾക്കായി കൗൺസലിംഗ് മുറിയും സജ്ജമാക്കി. ഇതിനായി എസ്.ഐ റാങ്കിലുള്ള ചൈൽഡ് വെൽഫയർ ഓഫീസർ, അസിസ്റ്റന്റ് വെൽഫയർ ഓഫീസർ എന്നിവരുടെ സേവനവുമുണ്ടാകും. സംസ്ഥാന പൊലീസ് ആസ്ഥാനമാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, വാർഡ് കൗൺസിലർ അഡ്വ. വി.കെ സുരേഷ് കുമാർ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, എ.സി.പി വി.കെ രാജു, ഐ.എസ്.എച്ച്.ഒ ബോബിൻ മാത്യു, എസ്.ഐ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.