തൃശൂർ: 1049 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 943 പേർക്ക് കൂടി കൊവിഡ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,714 ആണ്. 30,055 പേരാണ് ആകെ രോഗമുക്തരായത്. ഞായറാഴ്ച സമ്പർക്കം വഴി 920 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ 11 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേരും, രോഗ ഉറവിടം അറിയാത്ത ഒമ്പത് പേരുമുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 56 പുരുഷന്മാരും 62 സ്ത്രീകളും പത്ത് വയസിന് താഴെ 35 ആൺകുട്ടികളും 37 പെൺകുട്ടികളുമുണ്ട്.
മാർക്കറ്റ് തുറക്കാൻ തീരുമാനം
തൃശൂർ : ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാംസ മാർക്കറ്റ് അടക്കമുള്ളവ തുറക്കാൻ തീരുമാനം. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി. ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് വൈകീട്ടോടെ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് വ്യാപാരികൾ. കഴിഞ്ഞ മാസം ആറിനാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചത്.
മെഡിക്കൽ കോളേജിൽ കൊവിഡ് ലാബ്
തൃശൂർ: കൊവിഡ് രോഗികൾക്ക് മറ്റ് ചികിത്സാ സംബന്ധമായ പരിശോധന നടത്താനായി ഗവ. മെഡിക്കൽ കോളേജിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങി. കൊവിഡ് ട്രയാജ് ബ്ളോക്കിലാണ് പുതിയ ലാബിന്റെ പ്രവർത്തനം. രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ തന്നെ ആരോഗ്യ സ്ഥിതി വിലയിരുത്തി വേണ്ട പരിശോധനയ്ക്കാവശ്യമായ സാമ്പിളുകൾ ശേഖരിക്കും. പരിശോധനാ ഫലം വാർഡുകളിൽ നേരിട്ടെത്തിക്കും.