gvr-news-photo

ഗുരുവായൂർ: പഞ്ചരത്‌നങ്ങളിലെ മൂന്നുപേരുടെ വിവാഹ രജിസ്‌ട്രേഷനും ശ്രദ്ധേയം. കേരളപ്പിറവി ദിനത്തിൽ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്.

ഇക്കഴിഞ്ഞ 24 ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിലാണ് പഞ്ചരത്‌നങ്ങൾ എന്നറിയപ്പെട്ട തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളിലെ മൂന്ന് പേരുടെ വിവാഹം നടന്നത്. ഇന്നലെ അമ്മ രമാദേവി, സഹോദരങ്ങളായ ഉത്രജ, ഉത്രജൻ എന്നിവരോടൊപ്പം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി നഗരസഭ ഓഫീസിലെത്തിയത്. നഗരസഭാ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് ഷെനിൽ എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി പഞ്ചരത്‌നങ്ങളെ വരവേറ്റു. ചെയർമാന്റെ ചേംബറിലിരുന്ന് തന്നെ രജിസ്‌ട്രേഷൻ നടപടികൾ നടത്തി. സർട്ടിഫിക്കറ്റ് ചെയർപേഴ്‌സൺ കൈമാറി.

ഉത്രയെ കൊല്ലം ആയൂർ സ്വദേശി അജിത് കുമാറും ഉത്തരയെ മാധ്യമ പ്രവർത്തകനായ കോഴിക്കോട് സ്വദേശി കെ.ബി മഹേഷ് കുമാറും ഉത്തമയെ മസ്‌ക്കറ്റിലുള്ള ജി. വിനീതുമാണ് താലി ചാർത്തിയത്. ഉത്രജയുടെ വിവാഹവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിദേശത്തുള്ള വരന് എത്താൻ കഴിയാത്തതിനാൽ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടു കടവിൽ പ്രേംകുമാർ രമാദേവി ദമ്പതികൾക്ക് 1995 നവംബർ 18 നായിരുന്നു അഞ്ച് മക്കൾ ജനിച്ചത്.