aana

പുതുക്കാട്: തീറ്റ തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പ്രകോപിപ്പിച്ച് സാമൂഹ്യവിരുദ്ധർ. പാലപ്പിള്ളി, ചിമ്മിനി, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയിലെ തോട്ടം മേഖലയിലാണ് കാട്ടാനകൾക്ക് നേരെ തീപ്പന്തം എറിഞ്ഞ് അക്രമം. വനാതിർത്തിയോട് ചേർന്നുള്ള റബർ തോട്ടങ്ങളിലാണ് കുട്ടികൾ ഉൾപ്പടെയുള്ള ആനക്കൂട്ടങ്ങൾ എത്തുന്നത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിനോട് ചേർന്നുള്ള തോട്ടങ്ങളിൽ കാലവർഷാരംഭം മുതൽ പകൽ സമയങ്ങളിലും കാട്ടാനക്കൂട്ടങ്ങൾ സാധാരണമാണ്.

റോഡിനോട് ചേർന്ന് റബർ പ്ളാന്റേഴ്സ് കമ്പനി പുതിയ തൈകൾ നടുന്നതിനു വേണ്ടി രണ്ട് വർഷം മുമ്പ് റബർ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. മരങ്ങൾ മുറിച്ചിടത്ത് വീണ്ടും തൈകൾ നടാതായതോടെ അവിടെ പാഴ്‌ചെടികളും പുല്ലും വളർന്നു. സമൃദ്ധമായ തീറ്റയും മറ്റ് മൃഗങ്ങളുടെ ശല്യവും ഇല്ലാതായതോടെ ഇവിടെ എത്തിയ ആനകൾ ഉൾവനത്തിലേക്ക് മടങ്ങാതായി. പ്രസവ സമയം അടുത്ത ആനകൾ സുരക്ഷിതത്വം ഉള്ളതിനാൽ പ്രസവത്തിനും ഇവിടം തിരഞ്ഞെടുത്തു. തോട്ടത്തിലൂടെ നീർച്ചാലുകളും പരമ്പരാഗതമായുള്ള ആനത്താരയും ഇവിടെയുണ്ട്. മുൻ വർഷങ്ങളിൽ രാത്രികാലങ്ങളിൽ കാടിറങ്ങി എത്തുന്ന ആനകൾ നേരം വെളുക്കുന്നതോടെ ഉൾക്കാടുകളിലേക്ക് മടങ്ങാറാണ് പതിവ്. കൊവിഡ് വ്യാപനം ആരംഭിച്ചതോടെ വാഹനങ്ങൾ കുറഞ്ഞതും ആനകൾക്ക് അനുഗ്രഹമായി. ഇതിനിടെയാണ് ടൂറിസ്റ്റുകളായി എത്തിയവരും ചില തദ്ദേശീയരും തോട്ടത്തിൽ കയറിയുള്ള സെൽഫി എടുക്കൽ, ഫോട്ടോ എടുക്കൽ എന്നിവ തുടങ്ങിയത്.

കണ്ടിട്ടും കാണാതെ

അധികൃതർ

തോട്ടം മേഖലയിൽ വേരുകളുള്ള ഒരു സംഘടനയിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നട്ടുച്ച നേരത്ത് തോട്ടങ്ങളിൽ നിന്നിരുന്ന ആനകളെ തീ പന്തം എറിഞ്ഞു ഓടിക്കാൻ ശ്രമിച്ചു. നട്ടുച്ച നേരത്ത് ആനകൾക്ക് അടുത്ത് നിന്ന് റബർ ടാപ്പിംഗ് നടത്തുന്ന ചിത്രം പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആനകളെ തുരത്താൻ കന്നാസുകളിൽ മണ്ണെണ്ണയും കത്തിച്ച പന്തങ്ങളുമായി തോട്ടങ്ങളിൽ ആളുകൾ നിൽക്കുന്ന ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടും വനം വകുപ്പ് അധികൃതർ നടപടി എടുത്തില്ല.

പേടിപ്പിക്കരുതേ അവരെ...

ആനകളെ പ്രകോപിപ്പിക്കുമ്പോഴാണ് അവർ മനുഷ്യരെ തിരിച്ചാക്രമിക്കാൻ ശ്രമിക്കുന്നത്. അടുത്തയിടെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കാനെത്തിയപ്പോൾ ഓടിയവർ വീണ് പരിക്കേറ്റ സംഭവം ഉണ്ടായി. നൂറു വർഷം മുമ്പ് വരെ നിബിഡ വനമായിരുന്നിടത്താണ് മരങ്ങൾ വെട്ടി റബർ കൃഷി ആരംഭിച്ചത്. മനുഷ്യരുടെ കടന്നുകയറ്റത്തോടെ ഉൾവലിഞ്ഞ ആനകൾ റോഡുവക്കിൽ തീറ്റ തേടുന്ന കാഴ്ച കൗതുകമാണ്. എന്നാൽ, ആനയുൾപ്പെടെയുള്ള വന്യജീവികളുടെ ആവാസസ്ഥലമാണെന്ന് മറന്നുള്ള പ്രകോപനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും.