kudumbashree

ജയ് ജവാൻ, ജയ് കിസാൻ എന്ന പ്രശസ്തവും പ്രസക്തവുമായ മുദ്രാവാക്യം പിറന്ന രാജ്യമാണ് നമ്മുടേത്. എന്നാൽ കിസാൻ എന്ന കർഷകന് എത്രമാത്രം നമ്മുടെ സർക്കാരുകൾ ജയ് വിളിക്കുന്നുണ്ട്. പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം കർഷകന്റെ കണ്ണീര് തുടയ്‌ക്കുന്നതാകും.

പക്ഷേ, പദ്ധതിയുടെ അന്തിമഫലം ചെല്ലുന്നത് ഇടനിലക്കാർക്കും വൻകിട കച്ചവടക്കാർക്കും കോർപറേറ്റ് ഭീമൻമാർക്കുമായിരിക്കുമെന്നത് നഗ്നസത്യം. പിന്നെയും പദ്ധതികൾ വരും. അതും അങ്ങനെത്തന്നെ. മണ്ണിൽ ഒന്നും വിളഞ്ഞില്ലെങ്കിൽ, വിളയിച്ചില്ലെങ്കിൽ കോടാനുകോടി മനുഷ്യരുടെ വിശപ്പ് ആര് തീർക്കുമെന്ന ചോദ്യത്തിന് ഏതെങ്കിലും സാങ്കേതികവിദ്യക്കാരനോ ശാസ്ത്രപണ്ഡിതനോ ഉത്തരം നൽകാൻ കഴിയുമോ? വിശപ്പാണ് പരമപ്രധാനം. വിശപ്പടങ്ങിയില്ലെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് ഓർത്തുനോക്കണം.

കൊവിഡിൽ തകർന്ന രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുള്ള പലവിധ പാക്കേജുകളിലെല്ലാം കാർഷികമേഖലയെ ഉയിർത്തെഴുന്നേൽപ്പിക്കാനുളള എല്ലാമുണ്ട്. പക്ഷേ, കർഷകന് ആശ്വാസമാകുമോ എന്നാണ് കണ്ടറിയേണ്ടത്.

വർഷങ്ങളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് കരുത്തുപകരാനാണ് സംസ്ഥാന സർക്കാർ പഴം - പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചുകൊണ്ടുള്ള കരുതൽ നടപടി സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്താദ്യമായി 16 ഇനം പഴം - പച്ചക്കറികളുടെ അടിസ്ഥാനവില പ്രഖ്യാപനവും ഇവയുടെ സംഭരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും തൃശൂരിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചു.

മരച്ചീനി, നേന്ത്രക്കായ, വയനാടൻ നേന്ത്രൻ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങൾക്കാണ് ആദ്യഘട്ടത്തിലുളള തറവില. ഓരോ വിളകളുടെയും ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികമായി ചേർത്താണ് അടിസ്ഥാനവില നിർണയം.
പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിലേക്ക് നൽകും. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തറവില നൽകുന്നത്. ഗുണനിലവാരം ഇല്ലാത്ത ഉത്പന്നങ്ങളുടെ സംഭരണം ഒഴിവാക്കുന്നതിന് സംഭരണ പ്രക്രിയയിൽ തന്നെ ഉത്പന്നങ്ങൾക്ക് ഗ്രേഡ് നിശ്ചയിക്കും. കാലാകാലങ്ങളിൽ തറവില പുതുക്കി നിശ്ചയിക്കാനുള്ള വ്യവസ്ഥയുമുണ്ട്.
പ്രാദേശിക ഭക്ഷ്യോത്പാദനത്തിൽ തീരുമാനം എടുക്കുന്നതും കാർഷിക പദ്ധതികൾ തീരുമാനിക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവരാണ് സംഭരണ, വിതരണ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കറിലാണ് ആനുകൂല്യം ലഭിക്കുക. വിള ഇൻഷ്വർ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആനുകൂല്യവും ലഭിക്കും. ഇതെല്ലാം നടപ്പായാൽ കർഷകന് മാത്രമല്ല ആശ്വാസം, നാടിനൊന്നാകെയാണ്. വിഷത്തിൽ മുങ്ങി വരുന്ന മറുനാടൻ പച്ചക്കറി-പലചരക്ക് വണ്ടികളെ മടക്കി അയയ്ക്കാൻ കഴിഞ്ഞാൽ നമ്മുടെ ആശുപത്രികളിലെത്തുന്ന രോഗികൾ കുറയും. ആരോഗ്യമുളള ജനങ്ങൾ നാടിനെ സമ്പന്നമാക്കുകയും ചെയ്യും.

ചെങ്ങാലിക്കോടൻ നേന്ത്രക്കായ അടക്കം നിരവധി അപൂർവ ഇനം പഴങ്ങളും പച്ചക്കറികളുമുളള നാടാണ് തൃശൂർ. കോൾനിലങ്ങളിലെ നെല്ലുത്പാദനവും ഏറെ ശ്രദ്ധേയം. കാർഷികസർവകലാശാലകളും നിരവധി കാർഷികസംരംഭങ്ങളുമുണ്ട്. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ആത്മാർത്ഥമായി രംഗത്തിറങ്ങിയാൽ കേരളത്തിന്റെ വിശപ്പ് മാറും. പക്ഷേ, അവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണ്, 'മുറപോലെ'യേ ഇറങ്ങൂ എന്നാണെങ്കിൽ അവർ അടക്കമുളളവർ വിഷക്കറികൾ തന്നെ തിന്നട്ടെ...

ആരാമത്തിന്റെ രോമാഞ്ചവുമായി കുടുംബശ്രീ

കൃഷിയെ തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ് നടത്തുന്ന തീവ്രശ്രമങ്ങളോടൊപ്പം പൂന്തോട്ട നിർമ്മാണം, പരിപാലനം, മറ്റ് കാർഷിക വൃത്തികൾ എന്നിവയിൽ വനിതകളെ സജ്ജമാക്കാനുള്ള പരിശീലന പദ്ധതിയുമായി കുടുംബശ്രീയും രംഗത്തിറങ്ങി. കുടുംബശ്രീ മിഷൻ, സമേതി, ആത്മ, കൃഷിവിജ്ഞാന കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾക്കായി 14 ദിവസത്തെ പൂന്തോട്ട പരിശീലന പരിപാടി നടത്തി ഹരിതാഭമാക്കാനാണ് 'ഗ്രീൻ കാർപെറ്റ് ' എന്ന പദ്ധതി വഴി ലക്ഷ്യമിടുന്നത്.

സമൂഹ പൂന്തോട്ടം, മിനി ഗ്രീൻ ഹൗസ്, മഴമറക്കൃഷി, ഹാഗിംഗ്, വെർട്ടിക്കൽ ഗാർഡൻ, അക്വാപോണിക്‌സ്, ഓർണമെന്റൽ മത്സ്യക്കൃഷി, ഓമന മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഇതിനായി നാല് മുതൽ 10 വരെ അംഗങ്ങളുള്ള ടീമുകൾ രൂപീകരിക്കും. ഓരോ ജില്ലയിലും അഞ്ച് വീതം ഗ്രീൻ കാർപെറ്റ് ടീമുകളാണുണ്ടാവുക. തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകും.

സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (സമേതി) മുഖേനയാണ് പരിശീലനം. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ആദ്യ പരിശീലനം നവംബർ 10ന് തുടങ്ങും. വിത്തുൽപാദനം, പൂന്തോട്ടം, അടുക്കളത്തോട്ടം ഒരുക്കൽ, ലാൻഡ്‌ സ്‌കേപ്പിംഗ് എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളിലാണ് പരിശീലനം നൽകുക. പദ്ധതിയുടെ ഉദ്ഘാടനം മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ നിർവഹിച്ചിരുന്നു. ഡിസംബർ ഒന്ന് മുതൽ ഗ്രീൻ കാർപെറ്റ് ടീമുകൾ ജില്ലയിൽ സജ്ജമാകും കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി ജ്യോതിഷ്‌ കുമാർ പറയുന്നത്.