ചാവക്കാട്: നഗരസഭാ മൂന്നാം വാർഡിൽ കൂരയിൽ കഴിഞ്ഞിരുന്ന സാവിത്രി അമ്മയ്ക്ക് കൗൺസിലറുടെ സ്‌നേഹ സമ്മാനമായി, മനോഹരമായ വീട് നിർമ്മിച്ച് നൽകി. മഴ പെയ്താൽ ചോരുന്ന കൂരയിൽ കഴിഞ്ഞിരുന്ന തിരുവത്ര ഏനാംകുന്നത്ത് സാവിത്രിക്കാണ് ചാവക്കാട് നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനും മൂന്നാം വാർഡ് കൗൺസിലറുമായ കെ.എച്ച്. സലാമിന്റെ സ്‌നേഹ സമ്മാനം.
വർഷങ്ങളായി ഇടിഞ്ഞു വീഴാറായ കൂരയിൽ കഴിഞ്ഞിരുന്ന സാവിത്രിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സുരക്ഷിതമായൊരു ഭവനം. കൗൺസിലർ സലാമിന്റെ ഇടപെടലിനെ തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ സാവിത്രിയുടെ നിരാലംബ കുടുംബത്തിന് വാർപ്പ് വീട് നിർമ്മിച്ച് നൽകുകയായിരുന്നു. വീടിന്റെ താക്കോൽദാനം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നിർവഹിച്ചു.
ഗൃഹോപകരണങ്ങളുടെ കൈമാറ്റം ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ വാർഡ് കൗൺസിലർ കെ.എച്ച്. സലാം അദ്ധ്യക്ഷനായി. നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ. മഹേന്ദ്രൻ, പി.എസ്. മുനീർ, താഴത്ത് നൂറുദ്ദീൻ, ടി.എം. ഹനീഫ, പി.വി. രണദിവെ തുടങ്ങിയവർ സംസാരിച്ചു.