തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അങ്കത്തട്ട് ഉണർന്നു. സ്ഥാനാർത്ഥികൾ ആരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും എതിർപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വാർഡ് കമ്മിറ്റികളുടെ അനുമതിയോടെ ഉറപ്പുള്ള സ്ഥാനാർത്ഥികൾ തന്നെ രംഗത്ത് ഇറങ്ങിത്തുടങ്ങി.
കോർപറേഷനുകളിലും പഞ്ചായത്തുകളിലെ വാർഡുകളിലുമാണ് വീട് കയറിയിറങ്ങിയുള്ള പ്രചരണം തുടങ്ങിയത്. തർക്കമുള്ള സ്ഥലങ്ങളിൽ ചർച്ചകളും സജീവമായി. സീറ്റ് സംബന്ധിച്ച് മുന്നണികളിലെ ചർച്ച സജീവമാണ്. എൽ.ഡി.എഫിൽ ജോസ് കെ. മാണിയുടെ വരവിനെ തുടർന്ന് എത്ര സീറ്റുകൾ നൽകണമെന്നത് സംബന്ധിച്ച് പൂർണരൂപമായിട്ടില്ല. യു.ഡി.എഫിലും എൻ.ഡി.എയിലും സീറ്റ് വിഭജന ചർച്ചകൾ സജീവമാണ്.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
ജില്ലയിലെ പല ഭാഗങ്ങളിലും മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നു കഴിഞ്ഞു. കൊവിഡിനെ തുടർന്ന് പ്രചരണത്തിന് കർശന നിയന്ത്രണമുള്ളതിനാൽ നേരത്തെ തന്നെ ഓരോ വട്ടം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. സിറ്റിംഗ് സീറ്റുകളിൽ ഇതു വരെ ചെയ്ത പ്രവർത്തനങ്ങളുടെ വികസന രേഖകളുമായിട്ടാണ് പ്രചരണമെങ്കിൽ പ്രതിപക്ഷം കുറ്റപത്രവുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിന് ചട്ടം നിലവിൽ വരുന്നതിന് മുൻപ് എല്ലാ സ്ഥലങ്ങളിലും ഉദ്ഘാടന മാമാങ്കം പൊടി പൊടിക്കുകയാണ്.
സോഷ്യൽ മീഡിയ സജീവം
കൊവിഡ് നിയന്ത്രണം പാലിച്ച് സ്ഥാനാർത്ഥിക്ക് ഒപ്പം അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്ന നിർദ്ദേശം ഉള്ളതിനാൽ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്താനുള്ള ശ്രമം തുടങ്ങി. ഫേസ് ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ തന്നെ സജീവമായി തുടങ്ങി. വാർഡ് തലത്തിൽ പാർട്ടികളും സ്ഥാനാർത്ഥികൾ ആകുമെന്ന് ഉറപ്പായവരും വ്യക്തിപരമായും ഗ്രൂപ്പുകൾ രൂപീകരിച്ച് സജീവമായി തുടങ്ങി. എല്ലാ പാർട്ടികളും ഇതിനായി വാർഡ് തലത്തിൽ തന്നെ ഐ.ടി കൺവീനർമാരെ നിശ്ചയിച്ചിട്ടുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ വഴി ആകണം പ്രധാന പ്രചാരണം എന്ന് കമ്മിഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റർ പ്രചരണം
റോഡുകളും മതിലുകളും വൈദ്യുതി പോസ്റ്റുകളും രാഷ്ട്രീയ പാർട്ടികൾ കൈയടക്കി തുടങ്ങി. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശമെങ്കിലും പ്രഖ്യാപനം വരും മുമ്പ് തന്നെ മൂന്ന് മുന്നണികളും പോസ്റ്ററുകൾ പതിച്ചു തുടങ്ങി.