mp-suseela

മാള: യോഗങ്ങളും സമ്മേളനങ്ങളുമില്ല, മെമ്പർ സ്ഥാനം ഇനി കുറച്ച് ദിനങ്ങളിലേക്ക് മാത്രം. വേളൂക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മെമ്പർ മൂത്തേടത്ത് സുശീല ജനവിധിയുടെ ആകുലതകളൊന്നുമില്ലാതെ പാടത്തേക്കിറങ്ങി. കർഷകയായല്ല കർഷക തൊഴിലാളിയായി.

അവിവാഹിതയായ ഈ 48 കാരി സംവരണ വാർഡിൽ കോൺഗ്രസ് പ്രതിനിധിയായാണ് മെമ്പറാകുന്നത്. ഇനി വാർഡ് പൊതുവിഭാഗത്തിനായതിനാൽ വീണ്ടുമൊരു മത്സരത്തിന് സാദ്ധ്യത കുറവാണ്. കർഷക തൊഴിലാളിയായിരുന്ന അമ്മയുടെ കൂടെ സ്വന്തം വയലിലും അല്ലാതെയും ഞാറ് എടുത്ത് കൊടുക്കാൻ പത്ത് വർഷം മുൻപ് സഹായിയായാണ് തുടക്കം.

ഇതിനിടയിൽ നടീലും പഠിച്ചാണ് പൂർണമായി കർഷക തൊഴിലാളിയായത്. മെമ്പർ ആകുന്നത് വരെ അഞ്ച് വർഷം സ്ഥിരമായി പാടത്തെ പണികൾക്ക് പോയിരുന്നു. പാടത്ത് പണി ഇല്ലാത്ത അവസരത്തിൽ ചില വീടുകളിലും പണിക്ക് പോയിരുന്നു. മെമ്പർ ആയപ്പോൾ തിരക്കിനിടയിൽ പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. മൂത്തേടത്ത് പരേതരായ പേങ്ങന്റെയും കുറുമ്പയുടെയും ആറ് മക്കളിൽ ഇളയായവളായ സുശീല കുടുംബ സ്വത്തായ 60 സെന്റ്‌ വയലിൽ പണിയെടുത്തിരുന്നു.

കെ.പി.എം.എസ് വട്ടക്കണ്ണി ശാഖ സെക്രട്ടറി, എ.ഡി.എസ് പ്രസിഡന്റ്, തൊഴിലുറപ്പ് മേറ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നതിനിടയിലാണ് പഞ്ചായത്ത് അംഗമാകുന്നത്. തുടർന്ന് ഈ സ്ഥാനം ഒഴിഞ്ഞ് കെ.പി.എം.എസ് ശാഖ കമ്മിറ്റി അംഗമായി തുടർന്നു. ഇപ്പോൾ സഹോദരങ്ങളുടെ കൂടെയും തനിച്ചുമൊക്കെയാണ് താമസം. 46 വർഷം മുൻപ് അച്ഛൻ മരിച്ച ശേഷം കൃഷിപ്പണികളും പശു, ആട് വളർത്തൽ എന്നിവയിൽ നിന്നുള്ള വരുമാനമാണ് ആശ്രയം. പ്രീഡിഗ്രി വരെയുള്ള പഠനത്തിന് ശേഷമാണ് അമ്മയുടെ സഹായിയായത്.

" മെമ്പർ സ്ഥാനം ഇല്ലാതായി തിരക്കൊഴിയുമ്പോൾ വീണ്ടും പാടത്തെ പണികൾക്ക് സ്ഥിരമായി പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം യോഗങ്ങളും തിരക്കും കുറഞ്ഞ അവസ്ഥയിൽ നേരത്തെ തന്നെ പാടത്തെ പണികൾക്ക് പോകാനായി. ഈ കൃഷിപ്പണികളാണ് ജീവിത മാർഗം. ഒരു ദിവസത്തെ പണിക്ക് 500 രൂപ കൂലി കിട്ടും. നല്ല മാതൃകാ കർഷക തൊഴിലാളിയായ അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉപജീവന മാർഗത്തിനായി പാടത്തേക്ക് ഇറങ്ങുന്നത്.

എം.പി സുശീല