മാള: കുഴപ്പക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ ആദ്യം സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് മന്ത്രി കെ. സുധാകരൻ പറഞ്ഞു. കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുമ്പോൾ അവർക്ക് വേണ്ടി ശുപാർശയുമായി വരുന്ന യൂണിയൻ നേതാക്കളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും സാധാരണക്കാരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർ ഏത് യൂണിയനിലെ അംഗമായാലും സർക്കാർ നടപടിയെടുക്കുക തന്നെ ചെയ്യും. തെറ്റ് ചെയ്യുന്ന അത്തരക്കാർക്ക് വേണ്ടി ശുപാർശ ചെയ്യാതെ ആദ്യം സംഘടനയിൽ നിന്ന് പുറത്താക്കുകയും ഉപദേശിക്കുകയും ചെയ്യണം. രജിസ്‌ട്രേഷൻ വകുപ്പിൽ അഴിമതി ഇല്ലാതാക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ട്. ഇ പേയ്‌മെന്റ്,ഓൺലൈൻ രജിസ്‌ട്രേഷൻ,ഡിജിറ്റൽ ഇമേജ് തുടങ്ങിയ സൗകര്യങ്ങൾ നടപ്പാക്കി. ഇനി എല്ലാ സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് സ്ത്രീ സൗഹൃദ കേന്ദ്രമാക്കുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ്, രജിസ്‌ട്രേഷൻ ജോയിന്റ് ഐ.ജി. പി.കെ. സാജൻകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സാന്റോ തുടങ്ങിയവർ സംസാരിച്ചു.