തൃശൂർ: പഴം - പച്ചക്കറി കാര്‍ഷിക സംഭരണ - വിപണന കേന്ദ്രം ചെമ്പൂക്കാവിലും ആരംഭിക്കും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാക്കുന്നതിനുളള പദ്ധതികളുടെ ഭാഗമായി ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ചെറുകിട നാമമാത്ര കര്‍ഷകരില്‍ നിന്നും സംഭരിച്ച് വിതരണം ചെയ്യുന്നതിനായാണ് ചെമ്പൂക്കാവില്‍ സംഭരണ - വിപണന കേന്ദ്രം ആരംഭിക്കുന്നത്.
2020 - 21 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 27 ലക്ഷം വിനിയോഗിച്ചാണ് സംഭരണ - വിപണന കേന്ദ്രം നിര്‍മിക്കുക. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി 'കേരള ഫാം ഫ്രഷ്' എന്ന ബ്രാന്‍ഡില്‍ പഴം - പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുകയും കര്‍ഷകര്‍ ഉല്പന്നങ്ങള് സംഭരണ കേന്ദ്രങ്ങളിലേക്ക് നല്‍കുന്നതോടെ ഉല്പന്നത്തിന്റെ ആകെ തുക ലഭ്യമാക്കുക, ഉല്‍പ്പന്നങ്ങളുടെ സ്ഥിരം ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇവയ്ക്ക് പുറമെ നിലവാരത്തിലുള്ള ഗ്രേഡിംഗും പാക്കിംഗും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, ഹോം ഡെലിവറി എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ചെമ്പൂക്കാവ് കാര്‍ഷിക സമുച്ചയത്തിന് എതിര്‍വശത്ത് നടന്ന ചടങ്ങില്‍ കാര്‍ഷിക സംഭരണ വിപണന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി. റാഫി ജോസ്, കൗണ്‍സിലര്‍ കെ. മഹേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ സരസ്വതി എന്നിവര്‍ പ്രസംഗിച്ചു.
11 പടവ് കമ്മിറ്റികൾക്ക് അംഗത്വം
തൃശൂർ: കോൾ നില വികസന ഏജൻസി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്നു. കോൾ നില വികസന ഏജൻസി അംഗത്വത്തിനുള്ള അപേക്ഷകൾ അംഗീകരിച്ച 11 പടവ് കമ്മിറ്റികൾ അംഗത്വ ഫീസ് അടച്ചു. അംഗത്വ സർട്ടിഫിക്കറ്റും നൽകി. മനക്കൊടി വെളുത്തൂർ ഉൾപ്പാടം പാടശേഖര സമിതി, താന്നാപ്പാടം പാടശേഖര സമിതി, മണലൂർ ചാത്തംകുളങ്ങര പാടശേഖര നെല്ലുല്പാദന സമിതി, വടൂക്കര ഓലക്കട കോൾ പടവ് കർഷകസംഘം, ധനുകുളം വെസ്റ്റ് കർഷകസംഘം, ആട്ടോക്കാരൻ പാടശേഖര സമിതി കണിമംഗലം, പറപ്പൂക്കര പാടശേഖരസമിതി, അടാട്ട് ഒമ്പത് മുറി കോൾപടവ് പാടശേഖര സമിതി, എലവത്തൂർ കിഴക്ക് കോൾ പടവ് സമിതി, കുമ്പക്കേരി പാടശേഖര നെല്ലുല്പാദക സമിതി മുരിയാട് എന്നീ പാടശേഖര സമിതികളാണ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. കളക്ടർ എസ്. ഷാനവാസ്, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.