mmm

കാഞ്ഞാണി: തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണസംഘം മണലൂർ ബ്രാഞ്ച് കാഞ്ഞാണിയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെയും നീതി സൂപ്പർ മാർക്കറ്റിന്റെയും ഉദ്ഘാടനം 4ന് രാവിലെ 11ന് നടക്കുമെന്ന് സംഘം പ്രസിഡന്റ്് ടി.കെ. മാധവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1957 മുതൽ അന്തിക്കാട് ആസ്ഥാനമായാണ് സംഘം പ്രവർത്തിക്കുന്നത്. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ക്ലാസ് വൺ സംഘം കൂടിയാണ്. മണലൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്താണ് ബ്രാഞ്ച് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഈ ബ്രാഞ്ചാണ് കാഞ്ഞാണിയിലെ വാടാനപ്പള്ളി റോഡിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നത്. നീതി സൂപ്പർ മാർക്കറ്റ് സംഘത്തിന്റെ പുതിയ സംരംഭമാണ്. സംഘം മെമ്പർമാർക്ക് പ്രത്യേക കിഴിവ് സൂപ്പർ മാർക്കറ്റിൽ നിന്ന് ലഭിക്കും. സംഘം ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാറും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, ഗീത ഗോപി, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. സംഘം വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ, സെക്രട്ടറി കെ.വി. വിനോദൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.