ഗുരുവായൂർ: കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ഡിജിറ്റൽ സംവിധാനത്തിന് സംസ്ഥാനത്ത് ആദ്യമായി ഗുരുവായൂരിൽ തുടക്കം. കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾ, കണക്കുകൾ തുടങ്ങിയവ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആധുനിക പദ്ധതിയാണ് ഡിജിറ്റൽശ്രീ.
ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ഹോബ് സൊല്യൂഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത്. കെ. ദാമോദരൻ ഹാളിൽ നടന്ന ചടങ്ങിൽ 'ഡിജിറ്റൽ ശ്രീ ' പദ്ധതി കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം. രതി ടീച്ചർ അദ്ധ്യക്ഷയായി.
നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, എം.എ. ഷാഹിന, ഷൈലജ ദേവൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജൻ റെജി തോമസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി.പി. പ്രകാശൻ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ഷൈലജ സുധൻ, എം.കെ. ബിന്ദു എന്നിവർ സംസാരിച്ചു.