തൃശൂർ: 967 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 433 പേർക്ക് കൂടി കൊവിഡ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,797 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 41,147 ആണ്. 31,022 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധയുണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 33 പുരുഷന്മാരും 29 സ്ത്രീകളും പത്ത് വയസിനു താഴെ 25 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.
ഇന്ന് വ്യാപാരി പണിമുടക്ക്
തൃശൂർ: ഒരു മാസത്തോളമായി അടച്ചിട്ടിരുന്ന ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാംസ മാർക്കറ്റ് അടക്കമുള്ളവ തുറന്നു. എന്നാൽ പൂർണമായും കടകൾ തുറക്കാനായിട്ടില്ല. അണുവിമുക്തമാക്കിയ ശേഷം മാത്രമേ കടകൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം ആറിനാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചത്. അതേ സമയം കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി എന്നിവ തുറന്നു പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. മാർക്കറ്റുകൾ ഇടക്കിടെ അടച്ചിട്ടുന്നത് വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനത്തിനെതിരെ വ്യാപാരിവ്യവസായി ഏകോപന സമിതി ഇന്ന് ജില്ലയിൽ കടകൾ അടച്ചു പണിമുടക്കും. പ്രതിഷേധത്തിന്റെ ഭാഗമായി 1001 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും.