custody-death

തൃശൂർ: വിയ്യൂർ ജയിലിന് കീഴിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെന്ററിൽ കഞ്ചാവുമായി പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷമീർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ട് ആഴ്ചകളായെങ്കിലും ഉദ്യോഗസ്ഥർ കൊവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ ഏറ്റെടുക്കാനായിരുന്നില്ല.

ഡിവൈ.എസ്.പി സുകുമാരന്റെയും സി.ഐ ഷാജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് കേസ് ഡയറിയും, പൊലീസ് ശേഖരിച്ച സാക്ഷിമൊഴികളും അന്വേഷണ സംഘം പരിശോധിച്ചു. നേരത്തെ ഷമീറിൻ്റെ ഭാര്യ സുമയ്യ ജാമ്യത്തിലിറങ്ങിയ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ച സാഹചര്യത്തിൽ അന്ന് ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതനുസരിച്ചും പൊലീസ് കേസ് ഡയറിയും ഫയലുകളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. ജയിൽ ജീവനക്കാർ മർദ്ദിച്ചുവെന്നാണ് സാക്ഷിമൊഴികൾ. ക്രൂരമർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പൊലീസുകാരാണ് മർദ്ദിച്ചതെന്ന് വരുത്തി തീർക്കാൻ ജയിൽ ഡി.ജി.പി തന്നിൽ സമ്മർദ്ദം ചെലുത്തിയതായി സുമയ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി കൊവിഡ് സെന്റർ പ്രവർത്തനം വിലയിരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് ജില്ലാ ജയിൽ സൂപ്രണ്ടിനെയും അസി. സൂപ്രണ്ടുമാരെയും, കൊവിഡ് സെന്ററിൽ ഷമീറിനെ മർദ്ദിക്കുന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസൺ ഓഫീസർമാരെയടക്കം ആറ് പേരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.