തൃശൂർ: തീയതികൾ പ്രഖ്യാപിക്കും മുമ്പേ തിരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കുകയാണ് മുന്നണികൾ. ഭരണ നേട്ടങ്ങളും പുരസ്കാര നിറവും പ്രചാരണ വിഷയമാക്കാൻ എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ ഒരേ ഒരു തവണ മാത്രം അവസരം ലഭിച്ച യു. ഡി. എഫ് വീണ്ടും അധികാരത്തിലെത്താനുള്ള അണിയറനീക്കം തുടങ്ങി. ജില്ലയിലെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ സ്വാധീനം ഉറപ്പിച്ച ബി.ജെ.പി ആവട്ടെ എങ്ങനെയെങ്കിലും ജില്ലാ പഞ്ചായത്തിൽ കയറിപ്പറ്റാൻ തന്ത്രം മെനയുന്നു.
പുരസ്കാരനിറവിലെന്ന് ഭരണസമിതി
ശൂന്യമെന്ന് പ്രതിപക്ഷം
മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര പുരസ്‌കാരം തന്നെയാകും ഇത്തവണ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതിന്റെ മുഖ്യ പ്രചാരണായുധം. അടുത്തിടെ ലഭിച്ച കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം ഭരണസമിതിയുടെ ആത്മവിശ്വാസം ഏറെ ഉയർത്തുന്നതാണ്. നേരത്തെ കേരളത്തിലെ ആദ്യ വെളിയിട വിസർജ്ജ്യ മുക്ത ജില്ലയ്ക്കുള്ള സമ്പൂർണ ശുചിമുറി പുരസ്കാരവും ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. എന്നാൽ അഞ്ച് വർഷം ശൂന്യമാണെന്ന വാദമാണ് പ്രതിപക്ഷത്തുള്ളത്. ഭരണത്തുടർച്ച സ്വപ്നമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പിലുള്ളത്. ജില്ലാ പഞ്ചായത്ത് ഭരണം തങ്ങൾക്ക് അന്യമല്ലെന്നു യു. ഡി. എഫ് 2010 ൽ തെളിയിച്ചിട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ചെങ്കിലും നില നിർത്താൻ സാധിച്ചില്ല. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിൽ ആണ് യു. ഡി. എഫ്. 20 ഭരണ പക്ഷത്തു സി.പി.എമ്മിലെ 12 ഉം സി.പി.ഐയിലെ ഏഴും എൻ.സി.പിയിലെ ഒരംഗവുമാണ് ഭരണപക്ഷത്തെ പ്രതിനിധീകരിക്കുന്നത്. ഏഴ് കോൺഗ്രസ് അംഗങ്ങളും രണ്ട് മുസ്ലിംലീഗ് പ്രതിനിധിയും അടങ്ങുന്നതാണ് പ്രതിപക്ഷം. 2015 നവംബർ 12ന് അധികാരത്തിൽ ഏറുമ്പോൾ സി.പി.ഐയുടെ ഷീല വിജയകുമാറായിരുന്നു പ്രസിഡന്റ്. ധാരണ പ്രകാരം മൂന്ന് വർഷത്തിന് ശേഷം സി.പി.എമ്മിലെ മേരി തോമസായി പ്രസിഡന്റ്.
നേട്ടങ്ങൾ
ബാല സൗഹൃദ ജില്ല
ഭിന്നശേഷി സൗഹൃദ ജില്ല
വയോജന സൗഹൃദ ജില്ല
അർബുദത്തിനെതിരെ കാൻ പദ്ധതി
മുഴുവൻ വിദ്യാലയങ്ങളിലും ഷീ പാഡ് പദ്ധതി
പാടശേഖരങ്ങളിൽ പെട്ടി, പറയ്ക്ക് പകരം വെർട്ടിക്കൽ ആക്സിൽ ഫ്ലോ പമ്പ് സെറ്റുകൾ
ഗ്രാമീണ റോഡുകളുടെ നവീകരണം
കോട്ടങ്ങൾ
അടിസ്ഥാന വർഗത്തിന്റെ വികസനത്തിന് മതിയായ ഇടം നൽകാൻ ഭരണസമിതിക്കായില്ല.
ആദിവാസി, മത്സ്യ മേഖലയിൽ എടുത്തുപറയാവുന്ന നേട്ടങ്ങളില്ല
തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സംരംഭങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല
അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് ഇപ്പോഴും കര കയറാനാവാതെ ആടിയുലയുന്നു
വകയിരുത്തിയ വാർഷിക ഫണ്ട് മുഴുവനായും ചെലവഴിക്കാനായില്ല
കക്ഷിനില
ആകെ ഡിവിഷൻ 29
എൽ.ഡി.എഫ് 20
യു .ഡി.എഫ് 09
എൽ.ഡി.എഫ് 20
സി.പി.എം 12
സി.പി.ഐ 07
എൻ.സി.പി 01
യു.ഡി.എഫ് 09
കോൺഗ്രസ് 07
മുസ്ലിംലീഗ് 02