zoo

തൃശൂർ: എട്ട് മാസത്തോളം നീണ്ട ലോക്ക്ഡൗണിനു ശേഷം തൃശൂർ മൃഗശാല തുറന്നെങ്കിലും അടുത്തമാസം തന്നെ പക്ഷികളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേറ്റ് മാറ്റാനുളള ഒരുക്കങ്ങളിലാണ് അധികൃതർ. നൂറ്റാണ്ടിലേറെ പഴക്കമുളള മൃഗശാലയിലെ 59 ജീവിവർഗങ്ങളിൽപ്പെട്ട അഞ്ഞൂറോളം പക്ഷിമൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റുന്നത്.

കൂടുകൾ തയ്യാറാകുന്നത് അനുസരിച്ച് മറ്റ് മൃഗങ്ങളെ കൊണ്ടുപോകും. സിംഹം, കടുവ, പുലി തുടങ്ങിയവയെ കൊണ്ടുപോകുന്നത് അവസാനഘട്ടത്തിലായിരിക്കും. കഴിഞ്ഞ വർഷം വയനാട്ടിൽ നിന്ന് പിടികൂടി എത്തിച്ച കടുവയെയാണ് മൃഗശാലയിൽ ഒടുവിൽ എത്തിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടതോടെ മൃഗങ്ങളെ പാർപ്പിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. സ്ഥലസൗകര്യവും കുറവായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച പുള്ളിപ്പുലി ഗംഗ രോഗം ബാധിച്ച് ചത്തു. പുലിക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മൾട്ടിപർപ്പസ്, ആർട്ട് മ്യൂസിയങ്ങളും ഇന്നലെ തുറന്നിട്ടുണ്ട്. കാര്യമായ തിരക്കില്ലെങ്കിലും കർശന നിബന്ധനകളും പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നതടക്കം മാർഗനിർദ്ദേശങ്ങൾ ഇതിനായി പുറപ്പെടുവിച്ചിരുന്നു. മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരോടും ഇന്നലെ മുതൽ കൃത്യമായി ജോലിക്ക് ഹാജരാകാൻ കഴിഞ്ഞ ദിവസം വകുപ്പ് മേധാവികൾ നിർദ്ദേശം നൽകിയിരുന്നു. പ്രാരംഭഘട്ടത്തിൽ ഗൈഡിംഗ് സമ്പ്രദായം താല്കാലികമായി ഉണ്ടാവില്ല. പകരമായി പ്രദർശന വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനും സംശയനിവാരണത്തിനും മതിയായ ജീവനക്കാർ ഓരോ ഗ്യാലറിയിലും ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. 3 ഡി തീയേറ്റർ, ചിൽഡ്രൻസ് പാർക്ക്, എയർ കണ്ടീഷൻ എന്നിവയുടെ പ്രവർത്തനവും ഇപ്പോൾ ഉണ്ടാവില്ല.

നിർദ്ദേശങ്ങൾ:

മ്യൂസിയവും പരിസരവും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.

ജീവനക്കാരുടെയും സന്ദർശകരുടെയും ശരീരോഷ്മാവ് പരിശോധിക്കണം.

സന്ദർശകരുടെ പേര്, മൊബൈൽ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം.

മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പു വരുത്തണം.
സന്ദർശകർ മ്യൂസിയങ്ങളിലും പരിസരങ്ങളിലും സ്പർശിക്കുന്നത് ഒഴിവാക്കണം.

60 വയസിനു മുകളിലുള്ളവർക്കും പത്ത് വയസിന് താഴെയുള്ളവർക്കും പ്രവേശനമില്ല.

സന്ദർശനസമയം:

രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെ

മൃഗശാല അടച്ചത്: മാർച്ച് 11 ന്

പ്രധാനമൃഗങ്ങൾ:

സിംഹം: 1

പുലി: 3

കടുവ: 3

ഹിപ്പൊ: 3

മീൻമുതല: 2.

പുളളിമാൻ, മ്ലാവ്, കൃഷ്ണമൃഗം. പന്നിമാൻ....

കർശന നിയന്ത്രണങ്ങളോടെയാണ് മൃഗശാല തുറന്ന് പ്രവർത്തിക്കുന്നത്. മന്ത്രിതലത്തിലുളള ഹൈപവർ കമ്മിറ്റി ചേർന്നായിരിക്കും മൃഗങ്ങളെ പുത്തൂരിലേക്ക് കൊണ്ടുപോകുന്നതിനുളള തീരുമാനങ്ങളെടുക്കുക .

- വി. രാജേഷ്, സൂപ്രണ്ട്, തൃശൂർ മൃഗശാല

ഇന്നലെ തൃശൂർ മൃഗശാലയിൽ എത്തിയ സന്ദർശകർ: 275

ശരാശരി ഇതേസമയം വരുന്ന സന്ദർശകർ: 400 - 500

ടിക്കറ്റ് ചാർജ്: ഇരുപത് രൂപ.