തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ കോർപറേഷൻ രാഷ്ട്രീയം കലങ്ങി മറിയുന്നു. എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ നിരന്തര സമരങ്ങളിലൂടെ കോർപറേഷൻ രാഷ്ട്രീയം തങ്ങൾക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ് നീങ്ങുന്നതിനിടെ പാർട്ടിക്കുള്ളിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തലവേദന സൃഷ്ടിക്കുന്നു. കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദന് പിന്നാലെ കഴിഞ്ഞ ദിവസം മുൻ ഡെപ്യുട്ടി മേയർ എം.കെ. സൂര്യപ്രകാശ് കൂടി പാർട്ടി വിട്ടത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായി. സ്ഥാനാർത്ഥി മോഹികൾ സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ നടത്തുന്നതിനിടെ ഉള്ള കൊഴിഞ്ഞ് പോക്ക് തടയാൻ ഡി.സി.സി തലത്തിൽ തന്നെ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് പേരും സി.പി.എമ്മിലേക്കാണ് ചേക്കേറിയിരിക്കുന്നത്.
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ രണ്ട് പേർക്കും സീറ്റ് വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇരുവരെയും സ്വതന്ത്രവേഷത്തിൽ ഇറക്കാനുള്ള തയ്യാറെടുപ്പാണ് സി.പി.എം നടത്തുന്നത്. ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡി.ഐ.സി ആയിരിക്കുമ്പോഴാണ് സൂര്യപ്രകാശ് ഡെപ്യുട്ടി മേയറായിരുന്നത്. സൂര്യപ്രകാശ് കഴിഞ്ഞ കുറെ കാലങ്ങളായി പാർട്ടിയിൽ സജീവമായിരുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എതാനും നേതാക്കളെ അടർത്തിയെടുത്ത് ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന് പുകമറ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. അതേ സമയം മുകുന്ദന്റെ രാജി പാർട്ടിയിൽ അസ്വാരസ്യങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെ സിറ്റിംഗ് കൗൺസിലർമാരിൽ ചിലർ സുരക്ഷിത മണ്ഡലം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ പള്ളിക്കുളം ഡിവിഷനിൽ നിന്ന് ജയിച്ച പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തന്റെ സ്വന്തം സ്ഥലമായ ഗാന്ധി നഗറിലേക്ക് തിരിച്ച് പോകും. എന്നാൽ ഇവിടെ മത്സരിക്കാൻ ജോൺ ഡാനിയേൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജോൺ ഡാനിയേൽ കഴിഞ്ഞ തവണ വിജയിച്ച പാട്ടുരായ്ക്കൽ സംവരണ വാർഡായി മാറിയിട്ടുണ്ട്. എൽ.ഡി.എഫിലും എൻ.ഡി.എയിലും സീറ്റ് തർക്കങ്ങൾ നില നിൽക്കുന്നുണ്ട്.
മേയർ സ്ഥാനാർത്ഥികൾ ; ചർച്ചകൾ സജീവം
കോർപറേഷനിൽ മേയർ സ്ഥാനാർത്ഥികൾ ആരെന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്. സി.പി.എമ്മിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജന്റെ പേരിനാണ് മുൻതൂക്കമെങ്കിലും മുൻഡെപ്യുട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തിയുടെ പേരും ഉയർന്ന് വരുന്നുണ്ട്. ഇത് സംബന്ധിച്ച ഏകദേശ ധാരണ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം കോൺഗ്രസിന് ഭരണം ലഭിച്ചാൽ ആദ്യടേമിൽ എ. ഗ്രൂപ്പിലെ രാജൻ പല്ലനാണ് മൂൻതൂക്കം. നിലവിലെ പ്രതിപക്ഷ നേതാവ് എന്ന ആനൂകൂല്യവും രാജൻ പല്ലന് ലഭിച്ചേക്കും. അടുത്ത ടേമിൽ ഫ്രാൻസിസ് ചാലിശേരി, എ.പ്രസാദ് എന്നിവരെയാണ് ഐ ഗ്രൂപ്പ് മേയർ സ്ഥാനാർത്ഥികളായി ഉയർത്തി കാട്ടുക.