തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ വ്യാപാരമേഖലയിൽ നടപ്പിലാക്കുന്നത് അശാസ്ത്രീയവും അപ്രായോഗികവുമായ നിയന്ത്രണങ്ങളാണെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ കടകളടച്ചിട്ട് പ്രതിഷേധിച്ചു. 1251 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് പേർ വീതമാണ് ഒരോ കേന്ദ്രങ്ങളിലും ധർണാസമരം നടത്തിയത്. 6000ത്തോളം പേർ സമരത്തിൽ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗങ്ങളായ എല്ലാ കടയുടമകളും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ശക്തൻ, ജയ്ഹിന്ദ് മാർക്കറ്റുകൾ അടക്കം നഗരത്തിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ട്രഷറർ ജോർജ് കുറ്റിചാക്കു, സെക്രട്ടറി വി.ടി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.
വ്യാപാരികളുടെ ആവശ്യം
കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പിലാക്കണം. വ്യാപാര മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ വാടകനിയന്ത്രണനിയമം, ജി.എസ്.ടി അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികൾ ഉന്നയിച്ചു.