covid

തൃശൂർ: ജില്ലയിൽ ആശങ്ക സൃഷ്ടിച്ച് വൃദ്ധ സദനങ്ങളിൽ കൊവിഡ് വ്യാപനം. ഇതിനകം 250 ലേറെ പേർക്കാണ് വൃദ്ധ സദനങ്ങളിൽ കൊവിഡ് ബാധിച്ചത്. ഇതിൽ നാലു പേർ മരിച്ചു. അതേസമയം കൊവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങളെ തുടർന്ന് മരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെട്ടിട്ടില്ല.

പലയിടത്തും കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. ജില്ലയിലെ കിഴക്കൻ പീച്ചിക്കടുത്തുള്ള ഒരു സ്വകാര്യ വൃദ്ധ സദനത്തിൽ 167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ മൂന്നു പേർ മരിച്ചു. ഇന്നലെ ഇരിങ്ങാലക്കുട മുനിസിപ്പൽ റോഡിലുള്ള വൃദ്ധസദനത്തിലെ അന്തേവാസിയാണ് കൊവിഡ് മൂലം മരിച്ചത്.

നന്ദിക്കര സ്വദേശി ശ്രീധരൻ (82) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തെ കൊവിഡിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവിടെ തന്നെ കഴിഞ്ഞ മാസം 23ന് പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയൻ (73) മരിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. ഇതിൽ 40 ഓളം അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ എതാനും ദിവസങ്ങളായി ഡി.എം.ഒയുടെ നേതൃത്വത്തിൽ വയോധികർ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധനകൾ നടന്നു വരികയാണ്. പലയിടത്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പാർപ്പിച്ചിരിക്കുന്നത് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിറുത്തരുതെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.

വൃദ്ധസദനങ്ങളിൽ

സ്ഥിരീകരിച്ചവരുടെ എണ്ണം- 235

കൊവിഡ് മൂലമുള്ള മരണം - 4

രോഗം സ്ഥീകരിച്ച സ്ഥലങ്ങളിലെ എണ്ണം

ഒല്ലൂക്കര -12

ഇരിങ്ങാലക്കുട- 40

പീച്ചി -167

പൂനിശേരി -16