തൃശൂർ: ഗർഡറുകൾ എത്തിയാൽ തകരാറിലായ പെരുമ്പുഴ പാലം നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ. ഒരാഴ്ചയ്ക്കുള്ളിൽ ഗർഡറുകൾ എത്തിച്ച് പാലം നിർമ്മാണം ആരംഭിക്കും.
തകരാറിലായ പെരുമ്പുഴ ഒന്നാം നമ്പർ പാലം ബലപ്പെടുത്തുന്ന ജോലികൾക്ക് കരാർ കമ്പനി ഒരുക്കങ്ങൾ തുടങ്ങി. 71 വർഷത്തോളം പഴക്കമുള്ളതാണ് പാലത്തിന്റെ സ്ലാബുകൾ. കാഞ്ഞാണി പെരുമ്പുഴ പാലത്തെ താങ്ങിനിറുത്തുന്ന ഗർഡറുകൾ ദ്രവിച്ചതോടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞ അവസ്ഥയിലാണ്.
പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സ്പാനുകൾക്കിടയിലുള്ള ഗർഡറുകളാണ് ദ്രവിച്ചനിലയിൽ കണ്ടെത്തിയത്. വേറെയും ഗർഡറുകൾക്ക് തകരാറുണ്ട്. ഒരു സ്പാനിന്റെ ഭാഗത്ത് പാലത്തിന്റെ ഫൗണ്ടേഷനും കേടുപാടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തൃശൂർ ആസ്ഥാനമായ സി 2 ഇൻഫ്രാസ്ട്രക്ചറിനാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്.
കരാർ കമ്പനി സാധനസാമഗ്രികൾ ഇറക്കി പണികൾ ആരംഭിച്ചു. പെരുമ്പുഴ തോട്ടിൽ നില കെട്ടാനാണ് ശ്രമം. ഇതിനായി രണ്ട് വഞ്ചികളും വാടകയ്ക്ക് എടുതാണ് നിർമ്മാന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി സമീപത്തെ ബണ്ടിൽ ഷെഡും കെട്ടി പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.
തകരാറിലായ പെരുമ്പുഴ ഒന്നാം നമ്പർ പാലത്തിൽ ദ്രവിച്ച ഭാഗത്ത് കൂടുതൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ച് ബലം കൂട്ടാനാണ് പദ്ധതി. 16 ഗർഡറുകളാണ് സ്ഥാപിക്കുന്നത്. തകർന്ന ഫൗണ്ടേഷനും മാറ്റി സ്ഥാപിക്കും. പാലത്തിനടിയിലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ ഉപരിതലം ടാറിംഗ് മാറ്റി കോൺക്രീറ്റിംഗ് നടത്തും. സംസ്ഥാനപാതയിലെ ഗതാഗതതടസ്സം ഒഴിവാക്കാൻ രണ്ടു ഭാഗമായാണ് കോൺക്രീറ്റ് നടത്തുക. ഇതിനായി വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തും. പാലത്തിന്റെ കൈവരികളും ബലപ്പെടുത്തും.