തൃശൂർ: ജില്ലയിൽ പ്രളയവും മറ്റ് ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കി പദ്ധതികൾ ആവിഷ്‌കരിക്കാൻ ഊന്നൽ നൽകി നബാർഡ്. ഇത്തരം പ്രദേശങ്ങൾക്ക് മുൻതൂക്കം നൽകി അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകും. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ വിവിധ വകുപ്പുകളിലെ 55 പദ്ധതികളെ കുറിച്ച് യോഗം ചർച്ച ചെയ്തു. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി), ജലസേചന വകുപ്പ്, ആരോഗ്യ വിഭാഗം, വനം വകുപ്പ് , ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങിയ വിഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കാനും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കളക്ടർ എസ്. ഷാനവാസ് നിർദേശിച്ചു.
തുടർന്ന് കേന്ദ്ര ഗവ. പദ്ധതി പ്രകാരമുള്ള കാർഷിക പദ്ധതിയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ക്ലസ്റ്റർ യോഗ അവലോകനവും നടന്നു. വിവിധ വകുപ്പുമേധാവികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ് വിശദമായ മോണിറ്ററിംഗ് നടത്തി. ഇതിന്റെ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത നബാർഡ് എ.ജി.എം ദീപ എസ്. പിള്ള അറിയിച്ചു.