തൃശൂർ: സാംസ്കാരിക മേഖലയെ സമഗ്രമായി നവീകരിക്കുകയും കാലാനുസൃതമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കുകയുമാണ് സംസ്ഥാന സർക്കാരെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയത്തിന്റെ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടന ശിലാഫലകം അനാച്ഛാദനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ വാസു, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ അനിത എന്നിവർ പങ്കെടുത്തു.
രംഗകലാ മ്യൂസിയം
ലോകമെമ്പാടുമുള്ള കലാസ്വാദകരും കലാ പരിശീലനം ആഗ്രഹിക്കുന്നവരും ഉറ്റുനോക്കുന്ന കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിലെ രംഗകലാ മ്യൂസിയത്തിന്റെ അവസാനഘട്ട പണികളാണ് നടക്കുന്നത്. 5.80 കോടി രൂപയ്ക്കാണ് മ്യൂസിയത്തിന്റെ ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.