തൃശൂർ: കുടുംബശ്രീ സംരംഭക ഉത്പന്നങ്ങൾക്ക് പുത്തനുണർവുമായി ഹോം ഷോപ്പ് പദ്ധതി. ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ പത്തിന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. പ്രാദേശികമായി കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് സാമൂഹിക അധിഷ്ഠിത വിതരണ, വിപണന സംവിധാനം ഒരുക്കുന്ന കമ്മ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്‌വർക്ക് പദ്ധതിയാണിത്. ജില്ലയിലെ കൊടകര, പുഴയ്ക്കൽ, ഒല്ലൂക്കര ബ്ലോക്കുകളിലെ 17 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല മാനേജ്‌മെന്റ് ടീം, ഉത്പന്നങ്ങൾ വീടുവീടാന്തരം വിൽപ്പന നടത്തുന്നതിനായി ഹോം ഷോപ്പ് ഓണേഴ്‌സ്, ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി സംരംഭ യൂണിറ്റുകൾ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഹോം ഷോപ്പ് പദ്ധതി.
കുടുംബശ്രീ ഉത്പാദകർക്ക് കാര്യക്ഷമമായ വിതരണ വിപണന ശൃംഖല സൃഷ്ടിക്കുക വഴി അംഗങ്ങൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സംരംഭകരുടെ ഉത്പന്നങ്ങൾ കുടുംബശ്രീ അംഗങ്ങൾ വഴി തന്നെ നേരിട്ട് വീടുകളിലെത്തിക്കും.
നവംബർ മാസത്തിൽ 102 ഹോം ഷോപ്പുകളും തുടർന്നുള്ള രണ്ട് മാസങ്ങളിലായി 102 വീതം ഷോപ്പുകളും ആരംഭിച്ച് മൂന്ന് മാസം കൊണ്ട് മൂന്ന് ബ്ലോക്കുകളിൽ പൂർണമായും തുടർന്ന് ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.
- കെ.വി. ജ്യോതിഷ് കുമാർ, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ