തൃശൂർ: അയ്യന്തോൾ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 171.15 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ നടത്തിയത്. മന്ത്രി വി.എസ് സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99 ലക്ഷം രൂപ വിനിയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനുള്ള പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. ഹയർസെക്കൻഡറി വിഭാഗം പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിച്ച 72.15 ലക്ഷം രൂപ വിനിയോഗിച്ച്
ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ സെമിനാർ ഹാളും ലൈബ്രറിയും നിർമ്മിച്ചിട്ടുണ്ട്.
101 വർഷം പിന്നിട്ട വിദ്യാലയത്തിൽ ഏറെക്കാലത്തിനു ശേഷമാണ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം ലഭിക്കുന്നത്. രണ്ടു നിലകളിലായി 2400 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഹൈടെക് നിലവാരത്തോട് കൂടിയ നാല് ക്ലാസ് മുറികളും ഓരോ നിലയിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളോടും കൂടിയാണ് ഹൈസ്‌കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്. നൂറോളം കുട്ടികളാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ലൈബ്രറിയും സെമിനാർ ഹാളുമാണ് രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന അക്കാഡമിക്ക് ബ്ലോക്കിന് മുകളിൽ ഒന്നാമത്തെ നിലയിൽ ലൈബ്രറിയും രണ്ടാമത്തെ നിലയിൽ സെമിനാർ ഹാളും നിർമ്മിച്ചിരിക്കുന്നു. 650 കുട്ടികളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്നത്. ഉദ്ഘാടനം ബുധനാഴ്ച 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.